കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ലോകോളേജില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷം. അക്രമത്തില്‍ കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും പാലയാട് കാമ്പസ് യൂണിറ്റ് സെക്രട്ടറിയുമായ സോഫിയ അടക്കം ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെ.എസ്.യു. പ്രവര്‍ത്തകരും രണ്ടാംവര്‍ഷ നിയമവിദ്യാര്‍ഥികളുമായ ഗുരുവായൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനി സി.ജെ.സോഫി (19), കാഞ്ഞങ്ങാട് സ്വദേശി ഉനൈസ് (19), ഇരിട്ടി സ്വദേശി ജോയില്‍ (19) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തില്‍ കഴുത്തിനും കൈക്കും പരിക്കേറ്റ സോഫിയുടെ മുന്‍വശത്തെ പല്ല് ഇളകിയനിലയിലാണ്. അക്രമികള്‍ മരക്കഷണം കൊണ്ട് മുഖത്തടിച്ചപ്പോഴാണ് പല്ല് ഇളകിയതെന്ന് സോഫി പറഞ്ഞു. കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായ ഉനൈസിന്റെ പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അക്രമം തടയാനെത്തിയ അമല്‍ റാസിഖ്, സലില്‍ എന്നീ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റു. ഇവരെയും ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥികളുമായ പ്രിയേഷ് (20), മിഥുന്‍ (20), രണ്ടാംവര്‍ഷ നിയമവിദ്യാര്‍ഥികളായ സിന്‍സി (20), ആദര്‍ശ് (20) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് കോളേജ് പത്തുദിവസത്തേക്ക് അടച്ചു. കെ.എസ്.യു. പ്രവര്‍ത്തകരുടെ പരാതിയില്‍ ഒന്‍പത് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് ധര്‍മടം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച കാമ്പസില്‍ ഉണ്ടായ അക്രമത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകരായ വയനാട് സ്വദേശി ഫവാസ് (19), മലപ്പുറം സ്വദേശി ഷാസ് (18) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. എസ്.എഫ്.ഐ.ക്കെതിരേ ക്ലാസിലെ ബെഞ്ചില്‍ എഴുതിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതില്‍ പ്രതിഷേധിക്കാന്‍ കൂട്ടംകൂടിനിന്ന കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കുനേരേയാണ് വ്യാഴാഴ്ച വീണ്ടും അക്രമം ഉണ്ടായതെന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ പറഞ്ഞു.
പരിക്കേറ്റ കെ.എസ്.യു. പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം വി.എ.നാരായണന്‍, മമ്പറം ദിവാകരന്‍, സജ്ജീവ് മാറോളി, കെ.എസ്.യു. നേതാക്കളായ സുധീപ് ജെയിംസ്, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
പാലയാട് കാമ്പസില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കുനേരേയുണ്ടായ അക്രമത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കാമ്പസുകളില്‍പ്പോലും വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.
Discussion about this post