കണ്ണൂര്‍: തലശേരി പിണറായിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രമിത്തിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. രമിത്തിന്റെ അമ്മ നാരായണിയാണ് അഡ്വ: ഭാസ്‌കരന്‍ നായര്‍ മുഖേന ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാനും നോട്ടീസ് ഉത്തരവായി.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചാവശേരിയില്‍ കൊല്ലപ്പെട്ട ചാടോന്‍ ഉത്തമന്റെ മകനാണ് രമിത്ത്. ബസ് ഡ്രൈവറായിരുന്ന ഉത്തമനെ ബസ് തടഞ്ഞുനിര്‍ത്തി 2002-ല്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് നാരായണിയും കുടുംബവും പിണറായി പെട്രോള്‍ പമ്പിനടുത്തുള്ള വീട്ടില്‍ താമസമാരംഭിച്ചത്.
വാന്‍ ഡ്രൈവറായിരുന്ന രമിത്തിനെ 2016 ഒക്‌ടോബര്‍ 12ന് രാവിലെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ സഹോദരിയെ ഡോക്‌ടറെ കാണിച്ച് വീട്ടിലാക്കി മരുന്നു വാങ്ങാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം.
സി.പി.എം. പ്രവര്‍ത്തകരായ 15 പേരാണ് പ്രതികളെങ്കിലും ഒന്‍പത് പേരാണ് അറസ്‌റ്റിലായത്. കണ്ണൂര്‍ ടൗണ്‍ സി.ഐയായിരുന്ന, ഇപ്പോള്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പിയായ, വേണുഗോപാലായിരുന്നു തുടക്കത്തില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്നു തലശേരി സി.ഐ. പ്രദീപന്‍ കണ്ണിപ്പൊയിലിനു കൈമാറി. കുറ്റപത്രം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
Discussion about this post