ലഖ്നൗ: താജ്മഹല്‍ പരിസരത്ത് ശിവസ്തുതിയുമായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയും രാഷ്ട്രീയ സ്വാഭിമാന്‍ ദളും. ഹിന്ദു യുവവാഹിനി അലിഗഢ് ഘടകം പ്രസിഡന്റ് ഭരത് ഗോസ്വാമിയുടെ നേതൃത്വത്തിലാണ് ശിവസ്തുതിക്കായി എത്തിയത്. തങ്ങള്‍ സംഘര്‍ഷത്തിന് വന്നതല്ലെന്നും ശിവനെ സ്തുതിക്കാന്‍ എത്തിയതാണെന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ മുസ്ലിം വിഭാഗക്കാര്‍ക്ക് താജ്മഹലിനുള്ളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥിക്കാന്‍ അനുമതി ഉണ്ടെന്നും ഇവിടെ മുമ്പ് ശിവക്ഷേത്രം ഉണ്ടായിരുന്നതിനാല്‍ തങ്ങള്‍ക്കും പ്രാര്‍ഥന നടത്താന്‍ അവകാശമുണ്ടെന്നും ഹിന്ദു യുവവാഹിനി നേതാവ് ഗോസ്വാമി പറഞ്ഞു.
താജ് മഹല്‍ തേജോ മഹാലയ ആയിരുന്നെന്നും ഹിന്ദുക്കള്‍ക്കും ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും യുവവാഹിനിക്കൊപ്പം എത്തിയ സ്വാഭിമാന്‍ ദളിന്റെ അംഗങ്ങള്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ നിയമലംഘനം ആണെന്ന് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഭടന്മാര് അറിയിച്ചതിനാല്‍ കോടതി വിധി മാനിച്ചു തിരികെ പോകുകയാണെന്ന് ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഘടനകള്‍ ശിവസ്തുതിയുമായി എത്തിയത്.
Discussion about this post