തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ ലോ കോളജിലെ കെഎസ് യു പ്രവർത്തകരായ പെൺകുട്ടികൾക്ക് ക്ലാസ്സിലിരിക്കാന്‍ സംരക്ഷണം നൽകണമെന്നു ഹൈക്കോടതി ഉത്തരവ്. എസ്എഫ്ഐയുടെ ഭീഷണിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണിയുള്ളതിനാൽ ക്ലാസിൽ പോകാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു പാലയാട് ലീഗൽ സ്റ്റഡി സെന്ററിലെ കെഎസ് യു യൂണിറ്റ് ഭാരവാഹി തൃശൂർ സ്വദേശിനി സി.ജെ.സോഫി നൽകിയ ഹർജിയിലാണു നടപടി.
കഴിഞ്ഞ മാസം 19നു ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിൽ സോഫിക്കും രണ്ടു സഹപാഠികൾക്കും പരുക്കേറ്റിരുന്നു. മരക്കഷണം കൊണ്ട് അടിയേറ്റു പല്ല് ഇളകിയ നിലയിൽ ആശുപത്രിയിലായിരുന്നു സോഫി. രണ്ടു ദിവസം മുൻപും ക്യാംപസിൽ കെഎസ് യു പ്രവർത്തകർ ആക്രമിക്കപ്പെട്ടിരുന്നു.
അതേസമയം ഒൻപത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ആരെയും പിടികൂടിയിട്ടില്ല. രണ്ടാഴ്ചയോളം അടച്ചിട്ട ക്യാംപസ് കഴിഞ്ഞ ദിവസമാണു തുറന്നത്.
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്താണു പാലയാട് ക്യാംപസ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ക്യാംപസിലെ എസ്എഫ്ഐ അതിക്രമങ്ങൾക്കെതിരെ സംസ്ഥാനതലത്തിൽ പ്രചാരണവും സമരവും നടത്തുമെന്നു കെഎസ് യു പ്രഖ്യാപിച്ചിരുന്നു. ഇനിയും അതിക്രമം തുടർന്നാൽ വിദ്യാർഥികൾ പൊലീസ് ആസ്ഥാനത്തു നിരാഹാര സമരം തുടങ്ങുമെന്നു കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് പറഞ്ഞു.
മകനു കോളജിൽ പോകാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കെഎസ്‌യു യൂണിറ്റ് സെക്രട്ടറി എസ്.രാഹുലിന്റെ അമ്മ ഗവർണർക്കു നിവേദനം നൽകിയിരുന്നു.
Discussion about this post