ആലപ്പുഴ: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐ നേതാക്കളും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ കൈയേറ്റത്തെ ന്യായീകരിച്ച് പരസ്യം. വാട്ടര്‍വേള്‍ഡ് കമ്പനി എംഡി മാത്യു ജോസഫിന്റെ പേരിലാണ് ജനയുഗത്തില്‍ അരപേജ് പരസ്യം നല്‍കിയിരിക്കുന്നത്. മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്നതുള്‍പ്പെടെയുള്ള ആറോളം ആരോപണങ്ങള്‍ക്ക് പരസ്യത്തില്‍ അക്കമിട്ട് മറുപടി നല്‍കിയിട്ടുണ്ട്.
കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന പരസ്യത്തില്‍ ഈ റിപ്പോര്‍ട്ട് വളച്ചൊടിച്ചുവെന്നും ഒരിഞ്ചു ഭൂമി പോലും തോമസ് ചാണ്ടി കൈയേറിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോയ ഉപയോഗിച്ചുള്ള പോള തടയലിനെയാണ് കൈയേറ്റമായി മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടിയത്. പോളതടയുന്നതിനുള്ള ഈ സംവിധാനത്തിന് ഇന്ത്യന്‍ വാട്ടര്‍ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും പരസ്യത്തില്‍ പറയുന്നു.
വലിയകുളം സീറോ ജെട്ടി റോഡിന്റെ നിര്‍മാണം അനധികൃതമാണെന്നു പറയുന്നവര്‍ അതിന്റെ ഗുണഭോക്താക്കളില്‍ സാധരണ നെല്‍കര്‍ഷകരുമുണ്ടെന്ന് മനസിലാക്കണം,ഈ റോഡ് ലേക്പാലസ് റിസോര്‍ട്ടിനു വേണ്ടിയാണ് ഉണ്ടാക്കിയത് എന്നുള്ള ആരോപണം സത്യത്തിനും നീതിക്കും എതിരായ വെല്ലുവിളിയാണ്, കാര്‍ പാര്‍ക്കിംഗിനായി സ്ഥലം നികത്തിയിട്ടില്ല. വെള്ളം കയറി മുങ്ങിപ്പോയിരുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്തി നല്‍കിയത് പാടശേഖരസമിതിയുടെ ആവശ്യപ്രകാരമാണ്. വലിയകുളം സീറോ ജെട്ടി റോഡ് വന്നപ്പോള്‍ ജനങ്ങള്‍ ഇതുവഴി വരാതായി. ഇതേത്തുടര്‍ന്ന്, സ്ഥലം കമ്പനിയുടെ ഒരു ഷെയര്‍ ഹോള്ഡറുടേതായതിനാല് കമ്പനി ഇവിടം പാര്‍ക്കിംഗിനായി ഉപയോഗിച്ചു വരികയാണ്- എന്നൊക്കെയാണ് പരസ്യത്തിലുള്ളത്.
വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടി മന്ത്രി ഇ.ചന്ദ്രശേഖരനും തോമസ് ചാണ്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. യുവജന സംഘടനയായ എഐവൈഎഫും തോമസ് ചാണ്ടിയുടെ രാജി പരസ്യമായി ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഒപ്പം, തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്ത സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയെ അഴിമതിക്കാരന് എന്ന് അദ്ദേഹം വിളിച്ചതും പാര്‍ട്ടി നേതൃത്വത്തെയും അണികളെയും ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ ‘തെലങ്കാനയില്‍ ഉദിച്ച രക്തനക്ഷത്രവും പുന്നമടക്കായലിലെ കുളയട്ടയും!’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ ജനയുഗമാണ് ഇപ്പോള്‍ അതേ മന്ത്രിക്കായി പരസ്യവും നല്‍കിയിരിക്കുന്നത്.
Discussion about this post