ഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗുവാഹട്ടിയില്‍ ചേരുന്നു. വിവിധ വിഭാഗങ്ങളിൽപ്പെട്ട ഇരുന്നൂറോളം ഉൽപന്നങ്ങളുടെ ചരക്ക്, സേവന നികുതി നിരക്കിൽ ജിഎസ്‌ടി കൗൺസിൽ ഇന്ന് ഇളവു പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇളവുകൾ സംബന്ധിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫിറ്റ്‌മെന്റ് കമ്മിറ്റി’യുടെ ശുപാർശകൾ ഗുവാഹത്തിയിൽ നടക്കുന്ന കൗൺസിൽ യോഗത്തിന്റെ പരിഗണനയിലാണ്.
ജിഎസ്‌ടിയുടെ ഏറ്റവും കൂടിയ നിരക്കായ 28% ബാധകമായിട്ടുള്ളവയിൽ ഇരുന്നൂറോളം ഉൽപന്നങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നാണു കമ്മിറ്റിയുടെ ശുപാർശ എന്ന് അറിയുന്നു. 18% നികുതി ബാധകമായ ഏതാനും ഉൽപന്നങ്ങളുടെ കാര്യത്തിലും ഇളവു ശുപാർശ ചെയ്‌തിട്ടുണ്ട്.
പാദരക്ഷകൾ, ഷാംപൂ, വാച്ചുകൾ, ലഗേജ്, ഇൻസ്‌റ്റന്റ് കാപ്പി, പെയിന്റുകൾ, ഡിറ്റർജന്റുകൾ എന്നിവ നികുതി ഇളവിനു ശുപാർശ ചെയ്‌തിട്ടുള്ള ഉപഭോക്‌തൃ ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു. ഫാൻ, സ്വിച്ച്, കേബിൾ തുടങ്ങി ലൈറ്റ് ഇലക്‌ട്രിക്കൽ വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങൾക്കും നിരക്ക് ഇളവു ശുപാർശ ചെയ്‌തിട്ടുണ്ടെന്നാണു സൂചന. കർട്ടനുകളും കുഷനുകളും ഉൾപ്പെടെയുള്ള ഫർണിഷിങ് ഉൽപന്നങ്ങൾ; കിടക്കകൾ; പ്ലൈവുഡ്, തടി എന്നിവ കൊണ്ടുള്ള ഫർണിച്ചർ എന്നിവയ്‌ക്കും നിരക്കിളവു പ്രതീക്ഷിക്കാം. ടൈലുകൾക്കും സിറാമിക് ഉൽപന്നങ്ങൾക്കും ഇളവു ലഭിച്ചേക്കും. പ്ലാസ്‌റ്റിക് നിർമിതമായ ഒട്ടേറെ സാനിറ്ററി ഉൽപന്നങ്ങളുടെ നികുതിയിലും ഇളവിനു സാധ്യതയുണ്ട്.
മൂന്നു കോടിയിലേറെ വരുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്‌എംഇ) ക്ക് വലിയ ആശ്വാസമായേക്കാവുന്ന പ്രഖ്യാപനമാണു പ്രതീക്ഷിക്കുന്നത്. ജിഎസ്‌ടിയുടെ ഫലമായി ഏറ്റവും കൂടുതൽ പ്രയാസത്തിലായ മേഖലകളിലൊന്ന് എംഎസ്‌എംഇയാണ്. ഈ സംരംഭങ്ങളിൽ ജോലി ചെയ്‌തിരുന്ന അനേകം പേർക്കു തൊഴിൽ നഷ്‌ടപ്പെടുകപോലും ചെയ്‌തു.
ഇന്നു പ്രഖ്യാപിക്കുന്ന ഇളവുകൾ ഹിന്ദുസ്‌ഥാൻ യൂണിലീവർ, ജ്യോതി ലബോറട്ടറീസ്, ഏഷ്യൻ പെയിന്റ്‌സ്, വിഐപി ഇൻഡസ്‌ട്രീസ്, ബാറ്റ, ഹാവെൽസ്, വി ഗാർഡ്, ബജാജ് ഇലക്‌ട്രിക്കൽസ്, ഫിനോലെക്‌സ്, ബോംബെ ഡയിങ് തുടങ്ങിയ വൻകിട നിർമാതാക്കൾക്കും അനുകൂലമായേക്കുമെന്നാണു വിവിധ വിപണികളുമായി ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
Discussion about this post