തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുരുക്ക് മുറുകി നിയമോപദേശം. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശം. കളക്ടറുടെ കണ്ടെത്തലുകള്‍ പൂര്‍ണമായി തള്ളാനാകില്ലെന്നും തുടര്‍ നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് വ്യക്തമാക്കി. മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും കൈയൊഴിഞ്ഞിട്ടും പിടിച്ചു നിന്ന ചാണ്ടിക്ക് ഇത് തിരിച്ചടിയായി.
കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്നും അനന്തര നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നുമാണ് എ.ജിയുടെ നിയമോപദേശം.
അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സര്‍ക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014 ന് ശേഷമാണ് വയല്‍ നികത്തിയത്. റിസോര്‍ട്ടിനു സമീപത്തെ നീര്‍ച്ചാല്‍ വഴി തിരിച്ചുവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചതും നിയമം ലംഘിച്ചാണ്. 2012-ല്‍ അമ്പലപ്പുഴ അഡീഷണല്‍ തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
2014-ല്‍ പ്രദേശത്ത് നിലം നികത്തല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കളക്ടര്‍ പത്മകുമാര്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ആര്‍ ഡി ഒ നടപടി സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടക്കം ചെയ്തിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്.
Discussion about this post