ബംഗളൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. കൊലപാതകികളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അതേക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ പ്രസ് ക്ലബ്, ബാംഗ്ലൂര്‍ റിപ്പോര്‍ട്ടേഴ്സ് ഗില്‍ഡ് എന്നിവ നടത്തുന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര ദബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരെയുടെയും കേസുകളിലെ പോലെയല്ല, ഈ കേസില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ഈ മാസം തന്നെ പുറത്തുവിടുമെന്നും റെഡ്ഡി വ്യക്തമാക്കി. കൊലപാതകത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും മറ്റ് തിരിച്ചറിയാന്‍ കഴിഞ്ഞതായി പ്രത്യേക അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുണ്ട്. നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംശയങ്ങള്‍ മാറാന്‍ ചില സാങ്കേതിക വിവരങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മറ്റൊരു സംസ്ഥാനത്തുനിന്നും എത്തിയ കൊലയാളികള്‍ കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കൃത്യത്തിന് പ്രദേശിക സഹായവും ലഭിച്ചിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
രാജരാജേശ്വര നഗറിലെ വീടിനു മുന്നില്‍ സെപ്റ്റംബര്‍ അഞ്ചിനാണു കന്നഡ വാരിക ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി ലങ്കേഷ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ബാനസവാടിയിലെ ഓഫിസില്‍നിന്നു രാത്രി ഏഴരയോടെ ഇറങ്ങിയ ഗൗരിയെ കാറില്‍ ഒരു സംഘം പിന്തുടര്ന്നിരുന്നു. വീട്ടിലെത്തിയ ഗൗരി കാര്‍ പാര്‍ക്കു ചെയ്തശേഷം വീടിന്റെ വാതില്‍ തുറക്കുന്നതിനിടെയായിരുന്നു ആക്രമണം.
Discussion about this post