ഹിന്ദുമതത്തിന്റെ പരിപാലനവും അതിലെ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഉന്നതിയുമാണ് ദേവസ്വം ബോര്‍ഡിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് സ്ഥാനമൊഴിയാനൊരുങ്ങുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇതെല്ലാം പാലിച്ചതിന്റെ പേരില്‍, തന്നെ ആരെങ്കിലും ആര്‍.എസ്.എസ്. എന്ന് വിളിച്ചെങ്കില്‍ അത് അവരുടെ അറിവ് കുറവ് എന്നേ പറയാനുള്ളൂവെന്നും പ്രയാര്‍ പറഞ്ഞു. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാറിന്റെ വിശദീകരണം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ജോലി ക്ഷേത്രാചാരസംരക്ഷണം നോക്കലാണ്. കൈയടിക്ക് വേണ്ടിയും ആരെയെങ്കിലും ഇഷ്ടപ്പെടുത്താന്‍ വേണ്ടിയും അതില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്നത് ആചാരമാണ്. പ്രസിഡന്റിന് അതിനൊപ്പമേ നില്‍ക്കാന്‍ കഴിയു എന്നും അദ്ദേഹം പറയുന്നു.
ശബരിമലയെ എന്നും വിവാദങ്ങളുടെ കേന്ദ്രമാക്കുന്നത് ദുരൂഹമാണെന്നും അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നും പ്രയാര്‍ വ്യക്തമാക്കി.
ശബരിമലയുടെ ചരിത്രം, ആചാരം, അതിന്മേലുള്ള കടന്നുകയറ്റം ഒക്കെ വെളിച്ചത്ത് കൊണ്ടുവരേണ്ടിവരും എന്നാണ് ഉദ്ദേശിച്ചത്. മതപാഠശാല നിര്‍ബന്ധമാക്കിയതും വിവാദമായി. മതം പഠിക്കണം. അത് പഠിക്കാത്തതാണ് കുഴപ്പം. മതാന്ധത ഉണ്ടാക്കുന്നത് മതം പഠിക്കാത്തതുകൊണ്ടാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിച്ചാല്‍ എതിര്‍ക്കുന്ന വിശ്വാസികളുടെ കൂട്ടത്തില്‍ താനുമുണ്ടാകും. രണ്ട് വര്‍ഷത്തിനകം നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിഞ്ഞു. ഇടത് സര്‍ക്കാര്‍ എന്നെങ്കിലും ഇത് ചെയ്യുമെന്ന് അറിയാമായിരുന്നു.
ആരുമായും യുദ്ധത്തിനില്ല. അത് എന്റെ ശൈലിയുമല്ലെന്നും പ്രയാര്‍ പറയുന്നു
Discussion about this post