കൊച്ചി: ഭൂമി കൈയേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഇന്നു ഹാജരാകുന്നതു കോണ്‍ഗ്രസ് രാജ്യസഭാംഗവും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വിവേക്.
മധ്യപ്രദേശിലെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ കൂടിയായ അദ്ദേഹം ഇന്നലെ വൈകിട്ടു കൊച്ചിയിലെത്തി. അഭിഭാഷകനായാണ് എത്തിയതെന്നാണു വിവേകിന്റെ പ്രതികരണം. തോമസ് ചാണ്ടിക്കെതിരേ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്ത് നില്‍ക്കുമ്പോഴാണ് അവരെ പ്രതിരോധത്തിലാക്കി പാര്‍ട്ടി എം.പി. തന്നെ എതിര്‍വാദത്തിനെത്തുന്നത്. ഇദ്ദേഹം കോണ്‍ഗ്രസ് ഭരണകാലത്ത് അഡീ. സോളിസിറ്റര്‍ ജനറലുമായിരുന്നു.
കോണ്‍ഗ്രസിന്റെ കുപ്പായമിട്ട ആള്‍ തോമസ് ചാണ്ടിയുടെ കേസ് വാദിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ പ്രതികരിച്ചു. വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരക്കാര്‍ പാര്‍ട്ടിക്കു ബാധ്യതയാണ്.
സാമ്പത്തികനേട്ടത്തിനുള്ള ഇത്തരം സമീപനം പാര്‍ട്ടിക്ക് ശാപമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടു. തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുതെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.
Discussion about this post