കൊച്ചി: കായല്‍ കയ്യേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിവേക് തന്‍ഖ താമസിച്ചിരുന്ന താജ് ഹോട്ടലിനു മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കെ.എസ്.യു പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഹോട്ടലില്‍ നിന്ന് ഹൈക്കോടതിയിലേക്കു പുറപ്പെട്ട തന്‍ഖയുടെ കാര്‍ തടയാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിഷേധത്തിനിടെ പരിക്കേറ്റു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ചാണ്ടിക്കും എതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയും മുതിര്‍ന്ന അഭിഭാഷകനുമാണ് വിവേക് തന്‍ഖ. ഭൂമി കയ്യേറ്റവിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് തോമസ് ചാണ്ടിക്കു വേണ്ടി വിവേക് തന്‍ഖ ഹാജരാകുന്നത്.
Discussion about this post