തിരുവനന്തപുരം: താന്‍ രാജി വെച്ചെങ്കിലും മന്ത്രിസഭയില്‍ എന്‍സിപിക്കുള്ള സ്ഥാനം അവിടെതന്നെയുണ്ടാകുമെന്ന് രാജിവെച്ച മന്ത്രി തോമസ് ചാണ്ടി. പാര്‍ടിക്ക് രണ്ട് എംഎല്‍എമാരെ ഉള്ളൂ എന്നതിനാല്‍ തല്ക്കാലം ആര്‍ക്കും മന്ത്രിയാകാനാകില്ല. എന്നാല്‍ താനോ എ കെ ശശീന്ദ്രനോ ആരാണോ ആദ്യം കറതീര്ന്നുവരുന്നത് അവര്‍ ആദ്യം മന്ത്രിയാകും. ശശീന്ദ്രന് ആദ്യം മന്ത്രിയാകുന്നുവെങ്കില്‍ സന്തോഷം. കേസുമായി ബന്ധപ്പെട്ട് നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
രാജിവെയ്ക്കാന്‍ ഉദ്യേശിച്ചിരുന്നില്ല. അതിനുള്ള സാഹചര്യവും ഇല്ലായിരുന്നു. പിന്നീട് മുഖ്യമന്ത്രി വിളിച്ച് ഒന്നുകൂടി ആലോചിക്കാനും പാര്‍ടി നേതൃത്വവുമായി ആലോചിക്കുവാനും പറയുകയായിരുന്നു. പിന്നീട് കൂടിയാലോചനക്കുശേഷം രാജിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും തോമസ് ചാണ്ടി പറഞ്ഞു.
മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് താന്‍ രാജിവച്ചതെന്ന് തോമസ് ചാണ്ടി പറഞ്ഞു. താന്‍ പങ്കെടുത്തതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്ക്കാന് സിപിഐ അവരുടെ മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞെന്നും ഇതേത്തുടര്‍ന്നാണ് താന്‍ രാജി വച്ചതെന്നും തോമസ് ചാണ്ടി ഒരു വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
Discussion about this post