പോർട്ട് ലൂയിസ് : ചാഗോസ് ദ്വീപുകൾ സംബന്ധിച്ച് മൗറീഷ്യസും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള കരാർ പ്രാവർത്തികമാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ. ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുക്കുന്നതിനുള്ള ഒരു സുപ്രധാന കരാറിൽ വ്യാഴാഴ്ചയാണ് ബ്രിട്ടൻ ഒപ്പുവച്ചത്. തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ ദ്വീപസമൂഹം ഉൾപ്പെടുന്നതാണ് ചാഗോസ് ദ്വീപുകൾ.
ചാഗോസ് ദ്വീപുകളിൽ മൗറീഷ്യസിന്റെ പരമാധികാരം തിരിച്ചുനൽകുന്നതിനുള്ള ഉടമ്പടിയിൽ യുണൈറ്റഡ് കിംഗ്ഡവും മൗറീഷ്യസ് റിപ്പബ്ലിക്കും ഒപ്പുവച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ചാഗോസ് ദ്വീപസമൂഹത്തിന്മേലുള്ള മൗറീഷ്യസിന്റെ അവകാശവാദത്തെ ഇന്ത്യ എക്കാലവും പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെ പ്രാദേശിക സമഗ്രതയെക്കുറിച്ചുള്ള ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാടിന് അനുസൃതമായാണ് മൗറീഷ്യസിന് പിന്തുണ നൽകിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ചാഗോസ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർഷ്യയിലാണ് തന്ത്രപരമായി പ്രധാനപ്പെട്ട യുഎസ്-യുകെ സൈനിക വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. വ്യോമതാവളത്തിന്റെ നിയന്ത്രണം 99 വർഷത്തെ പാട്ടത്തിന് കീഴിൽ ബ്രിട്ടന് നിലനിർത്താൻ പുതിയ കരാർ അനുവദിക്കുന്നുണ്ട്. ഫെബ്രുവരിയിൽ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചാഗോസ് കരാറിനുള്ള തന്റെ പിന്തുണ അറിയിച്ചിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന ചാഗോസ് തർക്കത്തിന് ഔപചാരികമായപരിഹാരമാണ് പുതിയ കരാറിലൂടെ മൗറീഷ്യസിന് ലഭിച്ചിരിക്കുന്നത്.
Discussion about this post