കൊച്ചി: കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയിസ് ജോര്‍ജ് എംപിയെ സംരക്ഷിക്കാന്‍ റവന്യൂ മന്ത്രി ശ്രമിക്കുന്നത് മന്ത്രി എംഎം മണിയുടെ ഭീഷണി മൂലം ആണോയെന്ന് സിപിഐ വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പട്ടയം നേടിയത് മറ്റുള്ളവരാണെന്ന് കാട്ടി എംപിയെ സംരക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനായി പട്ടയത്തിന് അപേക്ഷ നല്‍കിയ തമിഴ്നാട് സ്വദേശികളായ പട്ടിക ജാതിക്കാരെ പ്രതിയാക്കാനുള്ള നീക്കം നടക്കുകയാണെന്നും ഡീന്‍ ആരോപിച്ചു.
പട്ടയം അനുവദിക്കാന്‍ പറ്റാത്തിടത്താണ് പട്ടയം അനുവദിച്ചിരിക്കുന്നത്. അതില്‍ ഉദ്യോഗസ്ഥന്‍മാരും രാഷ്ട്രീയ നേതാക്കളും പങ്കാളികളായിരിക്കുന്നു. വലിയ കുറ്റകൃത്യമാണ് അവിടെ നടന്നിരിക്കുന്നത്. അതിനാലാണ് പട്ടയം റദ്ദാക്കിയത്. ഇതിന്റെ തുടര്‍ച്ചയായി ക്രിമിനല്‍ നടപടികളിലേക്ക് പോകണം. അതില്‍ നിന്നും ജോയ്സ് ജോര്‍ജിനെ രക്ഷിക്കാനായി മറ്റ് ആരെയെങ്കിലും പ്രതികളാക്കാനാണ് ശ്രമം. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍ പട്ടയത്തിന്റെ ആപ്ലിക്കേഷന്‍ ആരുടെ പേരിലാണോ വന്നിരിക്കുന്നത് അവര്‍ പ്രതികളാകും. ഇവിടെ പാവപ്പെട്ട തമിഴ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചിലരാണ് പ്രതികളാവുകയെന്നും ഡീന്‍ ചൂണ്ടിക്കാട്ടി.
തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം ഇടതു മുന്നണിക്ക് ഏറ്റ ഇരുട്ടടിയാണ് ജോയ്സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കല്‍. ക്രിമിനല്‍ നടപടി നേരിടാന്‍ പോകുന്ന എംപി ധാര്‍മികതയുടെ പേരില്‍ രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post