ഡല്‍ഹി: മതപരിവര്‍ത്തനത്തിന് ശേഷമുള്ള വിവാഹം സംബന്ധിച്ച കേസില്‍ അഖിലയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണം എന്നാവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. മതപരിവര്‍ത്തനത്തിന് ശേഷമുള്ള വിവാഹം സംബന്ധിച്ച കേസില്‍ അഖില ഈ വരുന്ന 27ന് സുപ്രീം കോടതിയില്‍ ഹാജരാകുന്നുണ്ട്. തുറന്ന കോടതിയിലാണ് അഖിലയ്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അഖിലയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് നേരത്തെ അശോകന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് അശോകന്‍ വീണ്ടും കോടതിയെ സമീപിച്ചത്. അഖിലയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയേയും, മഞ്ചേരിയിലെ സത്യസരണി ഭാരവാഹികളേയും വിളിച്ച് വരുത്തണം എന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അഖില കേസുമായി ബന്ധപ്പെട്ട് സൈനബയെ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. അഖിലയെ നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്ന നിലപാടില്‍ സൈനബ ഉറച്ച് നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഖില കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനവും തീവ്രവാദ ബന്ധവും അടക്കമുള്ള ആരോപണങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അഖിലയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുള്ളതായി അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം അന്വേഷിക്കണം എന്ന അശോകന്റെ ഹര്‍ജിയും 27ന് കോടതി പരിഗണിക്കും. അഖിലയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Discussion about this post