ഇടുക്കി: സി.പി.എമ്മില്‍ നിന്ന് സി.പി.ഐയിലേക്കു പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു. ഇരുപാര്‍ട്ടികളുടേയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കു മുന്നോടിയായുള്ള ഘടക സമ്മേളനങ്ങള്ക്കിടയിലാണ് സി.പി.എമ്മിലെ കൊഴിഞ്ഞുപോക്ക്. മൂന്നാര്‍ ഒഴിപ്പിക്കലും, കുറിഞ്ഞി ഉദ്യാന അതിര്‍ത്തി നിര്‍ണയവും, തോമസ് ചാണ്ടി വിഷയവും എല്ലാം സി.പി.എമ്മിന് തിരിച്ചടിയാവുകയാണ്.
പ്രാദേശിക പ്രശ്നങ്ങളാണു പലയിടത്തും സി.പി.ഐയിലേക്കു ചുവടുമാറാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നതെങ്കിലും ഇക്കുറി അധികാരത്തിലെത്തിയശേഷം സി.പി.എം നേതൃത്വത്തില്‍ നിന്നുള്ള അവഗണനയാണു കൊഴിഞ്ഞുപോക്കിനു പ്രധാനകാരണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആശയങ്ങളെയും കൈവിടാന്‍ മടിക്കുന്ന, പാര്‍ട്ടിവിട്ട സി.പി.എമ്മുകാര്‍ അഴിമതിവിരുദ്ധമുഖമുള്ള സി.പി.ഐയിലാണ് അഭയംതേടുന്നത്. ഇതു സി.പി.എം. നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
എറണാകുളം മരടില്‍ സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ 25 പേര് ഏതാനും ദിവസം മുന്‍പ് സി.പി.ഐയിലെത്തി. കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുത്ത സി.പി.എം. നേതാവിന്റെ അനുസ്മരണം നടത്താന്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ചാണിവര് പാര്‍ട്ടിവിട്ടത്. ശക്തികേന്ദ്രമായ ഉദയംപേരൂരില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന രഘുവരനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇരുന്നൂറോളം പേര് സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. എല്‍.ഡി.എഫ്. അധികാരത്തിലെത്തിയശേഷം കൊച്ചി കുമ്പളങ്ങിയില്‍ സി.പി.എം. വിട്ട് സി.പി.ഐ.യിലേക്കു പോയത് തൊണ്ണൂറോളം പേരാണ്. പറവൂര്‍ കോട്ടുവള്ളിയിലും ചേരുമംഗലത്തും സി.പി.എമ്മില്‍ കൊഴിഞ്ഞുപോക്കുണ്ടായി. വൈപ്പിനില്‍ കര്‍ത്തേടം, ഞാറയ്ക്കല്‍ സര്‍വീസ് സഹകരണബാങ്കുകളുടെ ഭരണ നേതൃത്വം സി.പി.എമ്മിനു നഷ്ടപ്പെട്ടതിനുകാരണം പ്രവര്‍ത്തകരുടെ സി.പി.ഐയിലേക്കുള്ള ചുവടുമാറ്റമാണ്. കോതമംഗലം കവളങ്ങാട് രണ്ടു വര്‍ഷം മുന്‍പ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ടി. ബെന്നിയുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പേര് സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും സി.പി.എം. വിട്ടു.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കൊല്ലം കടയ്ക്കല്‍ തുടയന്നൂരില്‍ സി.പി.എം. മുന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി വി. രാജു അടക്കം അമ്പതോളം പേര് സി.പി.ഐയില്‍ ചേര്‍ന്നു. ലോക്കല്‍ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ മേയില്‍ സി.പി.എം, കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നു രാജിവച്ച് നിരവധി പേര് സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. വി.എസ്. പക്ഷം ദുര്‍ബലമായതോടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച പിണറായി വിഭാഗത്തിന്റെ നടപടികളോട് അതൃപ്തിയുള്ളവര്ക്കായാണ് ആലപ്പുഴയില്‍ സി.പി.ഐ. വലയെറിയുന്നത്. സി.പി.എം. അരൂര്‍ ഏരിയാ കമ്മിറ്റിയംഗം ടി.പി. മോഹനന് കഴിഞ്ഞദിവസം സി.പി.ഐ. പാളയത്തിലെത്തി. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് അനഭിമതനായിരുന്ന മോഹനനെ വെട്ടയ്ക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയിരുന്നു. കായംകുളം, മാവേലിക്കര, ചേര്‍ത്തല, അരൂര്‍, മാരാരിക്കുളം ഏരിയകളില്‍ കൂടുതല്‍പ്പേരെ ഇത്തരത്തില്‍ സി.പി.ഐയിലെത്തിക്കാന്‍ ശ്രമം സജീവമാണ്. കടക്കരപ്പള്ളിയില്‍ രണ്ടു മുന്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളടക്കം ഒരു വിഭാഗം സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേരാനുള്ള തീരുമാനത്തിലാണ്.
തൃശൂരില്‍ പ്രമുഖ നേതാക്കള്‍ സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്നിട്ടില്ലെങ്കിലും പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായിട്ടുണ്ട്. പുത്തന്‍ചിറ പഞ്ചായത്തില്‍ സി.പി.എം. നേതാവ് സുര്‍ജിത്തും അമ്പതോളം കുടുംബങ്ങളും സി.പി.ഐയിലെത്തി. ഞായറാഴ്ച കോലഴി പഞ്ചായത്തില്‍ സി.പി.ഐ. ലോക്കല്‍ സമ്മേളനത്തിന്റെ പൊതുയോഗത്തില്‍വച്ച് 40 സി.പി.എം. പ്രവര്‍ത്തകരെ സ്വീകരിച്ചതാണ് ഒടുവിലത്തെ സംഭവം. മാള, മണലൂര്‍, ചേലക്കര, കയ്പമംഗലം പഞ്ചായത്തുകളിലും സി.പി.ഐയിലേക്ക് ഒഴുക്കുണ്ട്. ചേലക്കരയില്‍ നൂറിലേറെ പേരാണ് സി.പി.ഐയില്‍ ചേര്‍ന്നത്. തളിക്കുളത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ.എ. സുഗതന്, രണ്ടുതവണ ലോക്കല്‍ സെക്രട്ടറിയായിരുന്ന മുരളി എന്നിവരുടെ നേതൃത്വത്തിലും ഏതാനും പേര് സി.പി.ഐയില്‍ ചേര്‍ന്നു. ഒരു വര്‍ഷം മുമ്പ് പാറളം പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പി.ഒ. െസെമണ്‍ സി.പി.എം. വിട്ടു. സി.പി.ഐ. നാട്ടിക മണ്ഡലം സമ്മേളനം കഴിയുന്നതോടെ െസെമണ്‍ ഉയര്‍ന്ന ഭാരവാഹിത്വം ലഭിക്കുമെന്നാണു സൂചന. സി.പി.ഐയുടെ അന്തിക്കാട്, താന്ന്യം, ചാഴൂര്‍, പാറളം ലോക്കല്‍ സമ്മേളനങ്ങളുടെ റാലികളില്‍ സി.പി.എം റാലികളേക്കാള്‍ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായിരുന്നു. ഡി.െവെ.എഫ്.ഐ. മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി. ടി.എം. ഷംസുദ്ദീന് സി.പി.ഐ. ചാഴൂല് ലോക്കല്‍ സമ്മേളന റാലിയില്‍ പങ്കെടുത്തിരുന്നു. തൃശൂര്‍ വില്വട്ടത്ത് സി.പി.എം. മുതിര്‍ന്നനേതാവ് മാറോക്കി ജോസ് അടുത്തിടെ സി.പി.ഐയിലെത്തി.
കാസര്‍ഗോഡ് ബേഡകം മേഖലയില്‍ സി.പി.എം. ബന്തടുക്ക മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 15പേര് സി.പി.ഐയില്‍ ചേര്‍ന്നു. സി.പി.ഐ കാസര്‍ഗോഡ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ഇവര്‍ സി.പി.ഐയില്‍ ചേര്‍ന്നത്. രാധാകൃഷ്ണനു പുറമെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വാരിജാക്ഷന്‍ മുന്നാട്, കരുണാകരന് മുന്നാട് തുടങ്ങിയവരാണ് സി.പി.എം വിട്ടത്. മന്ത്രി ഇ. ചന്ദ്രശേഖരനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. പലയിടത്തും അക്രമങ്ങള്‍ക്കും കൊഴിഞ്ഞുപോക്ക് കാരണമായി. സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന ഇ.കെ. രാധാകൃഷ്ണന്റെ കാര്‍ ഇന്നലെ തകര്‍ക്കപ്പെട്ടു.
Discussion about this post