ഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീം കോടതിയിലെ അന്തിമ വാദം ഫെബ്രുവരി 8 മുതല്‍. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കേസില്‍ വാദം കേള്‍ക്കാവൂ എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി തീരുമാനം. കേസ് പരിഗണിക്കുന്നത് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. ഫെബ്രുവരി എട്ടിനകം കേസിലെ എല്ലാ രേഖകളും പരിഭാഷപ്പെടുത്തി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായത്. രാമക്ഷേത്ര നിര്‍മ്മാണം ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്നും അതിനാല്‍ കേസ് 2019 ജൂലൈ 15ന് ശേഷം മാത്രമേ പരിഗണിക്കാവൂ എന്നും സിബല്‍ വാദിച്ചു. അതി വൈകാരികവും പ്രാധാന്യവുമുള്ള കേസ് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതാണെന്ന സിബലിന്റെ വാദത്തിന് പിന്തുണയുമായി മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ, രാജീവ് ധവാന്‍ എന്നിവരും രംഗത്തെത്തി. എന്നാല്‍ ഇത്തരം വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധിക്കുള്ളില്‍ കേസ് തീര്‍പ്പാവില്ലെന്ന മുസ്ലിം സംഘടനകളുടെ വാദം കോടതിയുടെ അതൃപ്തിക്ക് കാരണമായി. 2018 ഒക്ടോബര്‍ വരെയാണ് ചീഫ് ജസ്റ്റിസിന്റെ കാലാവധിയെന്നിരിക്കെയാണ് രാജീവ് ധവാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ധവാന്റെ വാക്കുകള്‍ നല്‍കുന്ന സന്ദേശമെന്തെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് നീട്ടിവെയ്ക്കണമെന്ന വാദങ്ങളെ രാംരാല ട്രസ്റ്റും ഉത്തര്‍പ്രദേശ് സര്‍ക്കാരും ശക്തമായി എതിര്‍ത്തു. വിധി എന്താകും എന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങളുന്നയിക്കപ്പെടുന്നതെന്ന് രാംലാലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറഞ്ഞു.
ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ അടിസ്ഥാനത്തിലല്ല കോടതിയുടെ തീരുമാനങ്ങളെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതി ഉത്തരവിന്റെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടത് സുപ്രീംകോടതിയുടെ ചുമതലയാണെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. പ്രധാന രേഖകളുടെ പരിഭാഷ പൂര്‍ത്തിയായതിനാല്‍ എത്രയും വേഗം അന്തിമ വാദം ആരംഭിക്കാവുന്നതാണെന്ന് ഹരീഷ് സാല്‍വേയും അറിയിച്ചു. തുടര്‍ന്നാണ് മറ്റു രേഖകളുടെ പരിഭാഷ കൂടി വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഫെബ്രുവരി 8ന് അന്തിമ വാദം ആരംഭിക്കാമെന്ന് കോടതി ഉത്തരവിട്ടത്. ശ്രീരാമജന്മഭൂമിയിലെ 2.7 ഏക്കര്‍ പ്രദേശം രാംലാല ട്രസ്റ്റിനും നിര്‍മോഹി അഖാഡയ്ക്കും സുന്നി വഖഫ് ബോര്‍ഡിനുമായി വിഭജിച്ചുകൊണ്ട് 2010-ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ 13 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.എ നജീബ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Discussion about this post