ഡല്‍ഹി: അമര്‍നാഥ് ഗുഹാക്ഷേത്രത്തെ നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ശബ്ദനിയന്ത്രണം മൂലം ആരതിയ്‌ക്കോ മറ്റു ക്ഷേത്ര ചടങ്ങുകള്‍ക്കോ യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ശിവലിംഗത്തിനു മുന്നില്‍ മാത്രമാണ് നിശ്ശബ്ദത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മറ്റൊരു മേഖലയിലും ശബ്ദനിയന്ത്രണം ഉണ്ടായിരിക്കില്ല. ഗുഹാക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ശിവലിംഗമുള്ള മേഖലയില്‍ ശബ്ദശല്യം ഒഴിവാക്കുകയുമാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ക്ഷേത്ര പരിസരത്തെ നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണലിന്റെ വിശദീകരണം.
അമര്‍നാഥ് ഗുഹാക്ഷേത്രത്തെ ‘നിശ്ശബ്ദമേഖല’യായി ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മന്ത്രോച്ചാരണം, മണിയടിശബ്ദം, പ്രവേശനകവാടത്തില്‍ കാണിക്കയിടല്‍ തുടങ്ങിയവ വിലക്കിയിട്ടുള്ളതായും ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.
പരിസ്ഥിതിപ്രവര്‍ത്തകയായ ഗൗരി മൗലേഖിയുടെ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ നടപടിയെടുത്തത്. തീര്‍ഥാടകര്‍ക്ക് നല്‍കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി വ്യക്തമായ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ട്രിബ്യൂണല്‍ ഉത്തരവിനെതിരേ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി.) പ്രതിഷേധവുമായി രംഗത്തെത്തെത്തിയിരുന്നു.
അമര്‍നാഥിലുള്ള ഒരു ഗുഹയില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്. ശ്രീനഗറില്‍നിന്ന് 136 കിലോമീറ്റര്‍ വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പില്‍നിന്നും 3888 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം. മഞ്ഞിലുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. 2012ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാനസൗകര്യങ്ങളും മറ്റും നടപ്പാക്കിയിട്ടുണ്ടോ എന്നതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രിബ്യൂണല്‍ നേരത്തേ ക്ഷേത്രം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. അപകടസാധ്യതയെപ്പറ്റി പഠിക്കാന്‍ ഉന്നതാധികാരസമിതിയെയും നിയോഗിച്ചിരുന്നു.
Discussion about this post