അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി മണിശങ്കര്‍ അയ്യര്‍. മുസ്‌ലിങ്ങളും പാകിസ്ഥാനികളും തന്റെ ശത്രുക്കളല്ലെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
‘ 20 വയസുമുതല്‍ പരിചയക്കാരനായ ഖുര്‍ഷിദ് കസൂരിയടക്കമുള്ള പാകിസ്ഥാനികളോ മുസ്‌ലിങ്ങളോ എന്റെ ശത്രുക്കളല്ല. 56 വര്‍ഷം മുന്‍പ് കേംബ്രിഡ്ജ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തൊട്ട് തുടങ്ങിയ സൗഹൃദമാണ് കസൂരിയും ഞാനും തമ്മില്‍. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ 1978-82 കാലയളവില്‍ അന്നത്തെ വിദേശകാര്യ മന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാവുമായ എ.ബി വാജ്‌പേയ് കറാച്ചിയില്‍ കോണ്‍സുലേറ്റ് ജനറല്‍ ആയി നിയമിച്ചതും’. വാജ്‌പേയ് പ്രധാനമന്ത്രി സ്ഥാനത്തിന് മാന്യത കല്‍പ്പിച്ചിരുന്ന വ്യക്തിയായിരുന്നെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങും മണിശങ്കര്‍ അയ്യരും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പാക് ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചിരുന്നു.
Discussion about this post