തിരുവന്തപുരം: കേരളത്തില്‍ നാശം വിതച്ച് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ വ്യാപ്തി, കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോദ്ധ്യപ്പെടുത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് ചിത്രങ്ങളും വീഡിയോയും അടക്കമുള്ള ഡിജിറ്റല്‍ പ്രസന്റേഷന് മോദിക്ക് മുമ്പില്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ചൊവ്വാഴ്ചയാണ് മോദി കേരളത്തില്‍ എത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ചുഴലിക്കാറ്റിന്റെ തീവ്രതയും അത് വരുത്തി വച്ച നാശങ്ങളും മോദിയെ ബോദ്ധ്യപ്പെടുത്തും. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരാവും ഇതേക്കുറിച്ച് മോദിയോട് വിശദീകരിക്കുക. ടെലിവിഷന്‍ ചാനലുകള്‍ അടക്കമുള്ളവയുടെ വീഡിയോ ദൃശ്യങ്ങളും സര്‍ക്കാര്‍ ഇതിനായി ഉപയോഗപ്പെടുത്തും. പ്രസന്റേഷന് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ അതിവേഗം നടന്നു വരികയാണ്. ചുഴലിക്കാറ്റിന് പിന്നാലെ സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും പ്രസന്റേഷന്റെ ഭാഗമായി അവതരിപ്പിക്കും. സംസ്ഥാനത്തിന് മുന്നറിയിപ്പ് ലഭിക്കുന്നതില്‍ ഉണ്ടായ കാലതാമസവും മോദിയുടെ ശ്രദ്ധയില്‍പെടുത്തും.
ഡല്‍ഹിയിലെത്തി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ കണ്ട മുഖ്യമന്ത്രി 1843 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post