ആഗ്ര: താജ്മഹലിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാന്‍ ആലോചനയുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ). പ്രതിദിനം 30,000 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് എഎസ്‌ഐയുടെ നീക്കം. പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാം. എന്നാല്‍ 30,000 ടിക്കറ്റുകള്‍ വിറ്റഴിയുന്നതോടെ ആ ദിവസത്തെ ടിക്കറ്റ് വില്‍പ്പന അവസാനിപ്പിക്കും. 15 വയസില്‍ താഴെ പ്രായമുള്ളവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ ‘സീറോ ചാര്‍ജ്’ ടിക്കറ്റ് അവതരിപ്പിക്കാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്.
എഎസ്‌ഐ ഡയറക്ടര്‍ ജനറല്‍, കേന്ദ്ര സംസ്‌കാരിക മന്ത്രാലയം ജോ. സെക്രട്ടറി, ആഗ്ര ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധികള്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ യോഗത്തില്‍ പങ്കെടുത്തേക്കും.
Discussion about this post