പറവൂര്‍: മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനെ എരപ്പാളി എന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പറവൂരില്‍ സ്കൂളിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനെ സ്റ്റേജിലിരുത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എങ്ങനെ സുധീരനെ എരപ്പാളി എന്നു വിളിക്കാതിരിക്കുമെന്നും നടേശന്‍ ചോദിച്ചു.
കെപിസിസി പ്രസിഡന്റായിരിക്കെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് തന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കത്തയച്ച ആളാണ് സുധീരന്‍. പെരുന്നയിലെ സുകുമാരന്‍ നായരെയാണെങ്കില്‍ ഇത്തരം ഒരു കത്ത് നല്‍കാന്‍ സുധീരന്‍ തയ്യാറാകുമായിരുന്നോ. പെരുന്നയില്‍ നിന്ന് സുകുമാരന്‍ നായര്‍ തൊഴിച്ചുപുറത്താക്കിയിട്ടും ഒന്നും പറയാത്ത ആളാണ് സുധീരനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കിയ ആളാണ്. ഇപ്പോള്‍ സുധീരനെ ആര്‍ക്കും വേണ്ട. ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും വേണ്ടാതായിട്ടുണ്ട്. സുധീരന്റെ ഇത്തരമൊരു അവസ്ഥ താന്‍ അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ സുധീരനെ തിരിച്ചറിഞ്ഞ പല കോണ്‍ഗ്രസുകാരും ഈ അഭിപ്രായവുവുമായി തന്നെ വന്നു കാണുന്നുണ്ട്. എന്നാല്‍ തനിക്ക് കോണ്‍ഗ്രസിന്റെ ഔദാര്യം വേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് ശേഷം സംസാരിച്ച വിഡി സതീശന്‍ വെള്ളാപ്പള്ളിയുടെ നടപടി ഉചിതമായില്ലെന്നും ഈ വേദി അതിനായി ഉപയോഗിക്കരുതായിരുന്നെന്നും പറഞ്ഞു.
Discussion about this post