ഡല്‍ഹി: കോളേജുകളിലെയും സര്‍വകലാശാലകളിലെയും അധ്യാപകരുടെ ആധാര്‍ വിവരം ശേഖരിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം അപര അധ്യാപകരെ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമാക്കി ദേശീയ തലത്തില്‍ നടത്തിയ ഉന്നത പഠന സര്‍വേയിലാണ് അപര അധ്യാപകരുടെ വിവരങ്ങള്‍ പുറത്തായതെന്ന് മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.
ഒരാള്‍ തന്നെ വ്യാജപ്പേരില്‍ പലയിടത്തു ജോലിചെയ്ത് ശമ്പളം പറ്റുകയായിരുന്നു. മൂന്നിലേറെ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് ശമ്പളം മേടിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 85 ശതമാനം അധ്യാപകരും ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 15 ശതമാനം പേരുടെ വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ അപര അധ്യാപകരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ.
അതേസമയം, കേന്ദ്ര സര്‍വകലാശാലകളില്‍നിന്നുള്ള ഒരു അധ്യാപകന്‍ പോലും ഇക്കൂട്ടത്തിലില്ലെന്നും മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളില്‍ നിന്ന് ഇത്തരക്കാരെ കണ്ടെത്തുകയും ചെയ്തു. ആധാര്‍ വിവരങ്ങള്‍ നല്‍കിയാല്‍ വ്യക്തിപരമായ വിവരങ്ങള്‍ ചോരുമെന്ന വാദത്തെയും മന്ത്രി തള്ളിക്കളഞ്ഞു. ‘നിങ്ങളുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കുന്നതുപോലെയുള്ള നടപടി മാത്രമാണിത്. മൊബൈല്‍ നമ്പര്‍ നല്‍കിയെന്നു കരുതി നിങ്ങള്‍ അയയ്ക്കുന്ന മെസേജുകള്‍ ആര്‍ക്കെങ്കിലും കാണാനാകുമോ? ആധാറും ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമ്പൂര്‍ണ സുരക്ഷയുമുണ്ട്’ അദ്ദേഹം വ്യക്തമാക്കി.
Discussion about this post