കാരക്കല്‍: വിദൂരഗ്രാമങ്ങളിലടക്കം പാസ്‌പോര്‍ട്ടുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാസ്‌പോര്‍ട്ട് സംബന്ധിച്ച നടപടി ക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലുമാക്കാനുള്ള ശ്രമത്തിലാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലുണ്ടായ മാറ്റങ്ങളെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പാസ്‌പോര്‍ട്ട് ഫീസില്‍ ഇളവ് നല്‍കും. പാസ്‌പോര്‍ട്ട് അപേക്ഷാ ഫോമിന്റെ 10 ശതമാനം ഇളവാണ് നല്‍കുന്നത്. എട്ടു വയസില്‍ താഴെയുള്ള കുട്ടകള്‍ക്കും പ്രായമായവര്‍ക്കുമാണ് ഇളവ് ബാധകമെന്ന് സുഷമ സ്വരാജ് പറഞ്ഞു.
പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ ഉടമയുടെ മേല്‍വിലാസം, മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങള്‍ അച്ചടിക്കുന്നതാണ് ഒഴിവാക്കുന്നത്. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‍നിന്ന് പാസ്‌പോര്‍ട്ട് ഒഴിവാകുമെന്നാണ് സൂചന. പുതുതായി തയാറാക്കുന്ന പാസ്‌പോര്‍ട്ടുകളിലാണ് പരിഷ്‌കാരം. നിലവിലുള്ളവയുടെ ആദ്യപേജില്‍ ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില്‍ വിലാസം, പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ പേരുകള്‍, പാസ്‌പോര്‍ട്ട് നമ്പര്‍, അനുവദിച്ച സ്ഥലം, തീയതി എന്നീ വിവരങ്ങളാണ് ചേര്‍ക്കുന്നത്. എന്നാല്‍ പുതുതായി തയാറാക്കുന്നവയില്‍ അവസാനപേജ് അച്ചടിക്കേണ്ടതില്ലെന്നാണ് തീരുമാനം.
Discussion about this post