തനിക്കെതിരെ യുഎഇയില്‍ സാമ്പത്തിക കേസില്ല എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ വാദം തെളിവ് സഹിതം പൊളിച്ചടുക്കാന്‍ പരാതിക്കാരന്‍ കേരളത്തിലെത്തും. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് നല്‍കിയ യു.എ.ഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അല്‍ അബ്ദുല്ല മര്‍സൂഖി കാര്യങ്ങള്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബിലാണ് അല്‍ മര്‍സൂഖി വാര്‍ത്താ സമ്മേളനം നടത്തുന്നത്.
ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍മര്‍സൂഖി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതി നേരത്തെ പുറത്തു വന്നിരുന്നു. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് പരാതി.ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 36.06 ലക്ഷം രൂപയാണ്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.
തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.ബിനോയ് ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നും സിപിഎം നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
Discussion about this post