കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് തനിക്ക് വീഴ്ച സംഭവിച്ചതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. ഇടപാടിനെ കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മിഷന് മുമ്പാകെ കര്‍ദ്ദിനാള്‍ എഴുതി നല്‍കിയ മൊഴി പുറത്തു വന്നു. ഭൂമി വില്പനയില്‍ സഭാനിയമങ്ങളോ, സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദു:ഖമുണ്ട്. ഭൂമി വില്പനയ്ക്ക് സാജു വര്‍ഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കര്‍ദ്ദിനാള്‍ മൊഴിയില്‍ പറയുന്നു.
സഭാ നിയമങ്ങള്‍ ആലഞ്ചേരി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാനിയമപ്രകാരവും സിവില്‍ നിയമപ്രകാരവും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യാതെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആലഞ്ചേരി ഇന്നലെ യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് വൈദിക സമിതി യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഫാ. ബെന്നി മാരാംപറമ്പില്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈദിക സമിതി യോഗത്തില്‍ പൂര്‍ണമായി വായിച്ചു. റിപ്പോര്‍ട്ട് പൂര്‍ണമായി പഠിച്ചിട്ടില്ലെന്നും കൃത്യമായി പഠിക്കാതെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു.
Discussion about this post