പത്തനംതിട്ട: പത്തനംതിട്ട ഇരവിപേരൂരില്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതര മണിയോടെയാണ് അപകടം ഉണ്ടായത്. പൊലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി തീയണച്ചു. വെടിക്കെട്ട് കരാറെടുത്തിരുന്നയാളുടെ തൊഴിലാളികളില്‍ ഒരാളാണ് മരിച്ചതെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരവിപേരൂരിലെ പ്രത്യക്ഷ രക്ഷാദൈവ സഭ (പിആര്‍ഡിഎസ്) ആസ്ഥാനത്താണ് അപകടം ഉണ്ടായത്. പൊയ്കയില്‍ കുമാരഗുരു ജയന്തി ആഘോഷം നടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റയാള്‍ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വെടിപ്പുരയിലെ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രത്യക്ഷരക്ഷാ ദൈവ സഭയുടെ സ്ഥാപകനായ പൊയ്കയില്‍ കുമാരഗുരു ദേവന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് പിആര്‍ഡിഎസ് ആസ്ഥാനത്ത് നടക്കുന്നത്. ആഘോഷങ്ങളുടെ അഞ്ചാംദിനത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
Discussion about this post