പശ്ചിമബംഗാളില്‍ മാര്‍ച്ച് 23ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ(എം) പൊതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. ബംഗാളില്‍ ഒഴിവുവരുന്ന 5 രാജ്യസഭ സീറ്റുകളില്‍ 4 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിക്കാനാകും. അഞ്ചാമത് സീറ്റില്‍ സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണയോടെ ജയിക്കാനാകും. സിപിഎമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നിര്‍ത്തിയാല്‍ പിന്തുണക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.
‘സംസ്ഥാനത്ത് ബി.ജെ.പി.യെ തടയണമെന്നുണ്ടെങ്കില്‍, ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പോരാടണം. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ അഞ്ചാം സീറ്റിനായി മത്സരിക്കുന്നത് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായിരിക്കണം. കോണ്‍ഗ്രസ്സിന്റെയും ഇടതുമുന്നണിയുടെയും പിന്തുണ ആ സ്ഥാനാര്‍ഥിക്കായിരിക്കണമെന്ന് കോണ്‍ഗ്രസ് കരുതുന്നു.’ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അദ്ധീര്‍ ചൗധരി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം നടത്തിയ ഒരു യോഗത്തിനു ശേഷം പറഞ്ഞു.
സംസ്ഥാനത്തെ ഇടതുമുന്നണി-കോണ്‍ഗ്രസ്സ് സഖ്യം തകര്‍ന്നാല്‍ അത് ബി.ജെ.പിക്ക് പ്രയോജനം ചെയയ്യും. അതിനാല്‍ കോണ്‍ഗ്രസ സിപിഎമ്മിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് ചൗധരി പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ദ്ദേശം സ്വീകരിക്കുന്നതില്‍ സിപിഎം ബംഗാള്‍ ഘടകത്തിനും അനുകൂല നിലപാടാണ് ഉള്ളത്. എന്നാല്‍ സിപിഎമ്മിലെ പ്രബല വിഭാഗം കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ എതിര്‍ക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഇവരും തയ്യാറേയേക്കും.
അതേസമയം കോണ്‍ഗ്രസ്സ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ അബ്ദുല്‍ മന്നന്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്താങ്ങുന്നതിനെതിരാണ്. ‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി തീരുമാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഒരു സ്വതന്ത്രന് അതിന്റെ ആവശ്യമില്ല. ബി.ജെ.പി. സര്‍ക്കാരിനെതിരായ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയക്കാരനെയാണ് പാര്‍ട്ടിക്ക് ആവശ്യം ‘ അദ്ദേഹം പറഞ്ഞു.
Discussion about this post