ഇന്ന് ആറ്റുകാല്‍ പൊങ്കാല. ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാനായി അനന്തപുരിയില്‍ എത്തിയിരിക്കുന്നത്. 10.15-നാണ് പൊങ്കാല അടുപ്പില്‍ തീപകരുന്നത്. ദേവീസ്തുതികളുടെയും മന്ത്രോച്ചാരണത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ശ്രീകോവിലിനുള്ളില്‍ നിന്നു ദീപം തെളിക്കുന്നതോടെയാണ് പൊങ്കാലച്ചടങ്ങുകള്‍ക്കു തുടക്കമാവുക.
പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന്, തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു നല്‍കുന്ന ദീപത്തില്‍നിന്നു മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീകത്തിക്കും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീകത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ആ തീ ല്ക്ഷക്കണക്കിന് അടുപ്പുകളിലേക്ക് പകരുന്നതോടെ അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയായി മാറും. ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദ്യം.
പ്രധാന വഴിപാടായ പൊങ്കാല പായസത്തിന്റെ കൂടെ വെള്ളനിവേദ്യം , തെരളി , മണ്ടപ്പുറ്റ് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്. അഭീഷ്ടസിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം. ധനധാന്യസമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട. രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുറ്റ്.
Discussion about this post