ശ്രീലങ്കയില്‍ മുസ്ലീങ്ങളും ബുദ്ധമത സംഘടനകളും തമ്മില്‍ നടക്കുന്ന കലാപത്തെ ത്രിപുരയില്‍ മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങള്‍ ബിജെപി തകര്‍ക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള സിപിഎം ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്ന് വി.ടി ബല്‍റാം എംഎല്‍എ ആരോപിച്ചു. ഇത്തരത്തില്‍ ചിത്രീകരണം നടത്താന്‍ നാണമില്ലെ സഖാക്കളെ എന്ന ചോദ്യവുമായി പി.സി ജോര്‍ജ്ജ് എംഎല്‍എയും രംഗത്തെത്തി. ത്രിപുരയിലെ തോല്‍വി ഉള്‍കൊള്ളുന്നതിന് പകരം വര്‍ഗ്ഗീസ സംഘര്‍ഷം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം എന്നാണ് ആക്ഷേപം. ഇതിനിടെ ഒരു ക്ഷേത്രത്തില്‍ ജാതി വിവേചനം ഉണ്ടെന്ന തരത്തില്‍ സിപിഎം അനുകൂല ഫേസ് പേജുകളില്‍ വ്യാജ പോസ്റ്റര്‍ പ്രചരിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
പി.സി ജോര്‍ജ്ജിന്റെ പ്രതികരണം.
അല്ല സഖാക്കളെ ഈ ത്രിപുര ഇന്ത്യയിലാണോ ശ്രീലങ്കയിലാണോ. ശ്രീലങ്കയില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെ ഫോട്ടോ എടുത്ത് ത്രിപുരയില്‍ നടക്കുന്ന കലാപങ്ങളായി ചിത്രീകരിക്കാന്‍ നാണമില്ലെ….
ത്രിപുരയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മാത്രമാണ് നടക്കുന്നത് CPM, BJP, RSS പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട് അതും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പക്ഷേ കേരളത്തിലെ CPM സോഷ്യല്‍ മീഡിയാ പ്രചരണം ക്രിസ്ത്യന്‍, മുസ്ലിം പള്ളികള്‍ ആക്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായി കണ്ടു. ആ ചിത്രങ്ങള്‍ ശ്രീലങ്കയില്‍ നടക്കുന്ന വര്‍ഗീയ കലാപത്തിന്റെയാണ്.കാലിനടിയിലെ മണ്ണ് ഒലിച്ചുപോയവര്‍ നിലനില്പിനായി കാണിക്കുന്ന കോലം കെട്ടായി ജനം വിലയിരുത്തും.തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് എവിടെയാണ് തെറ്റ് പറ്റിയ തെന്ന് മനസിലാക്കി തിരുത്തുവാന്‍ ശ്രമിക്കു അതാണ് ഇപ്പോള്‍ ആവശ്യം…
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകള്‍ക്കെതിരെയും ആര്‍എസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാര്‍ത്തകളില്‍ കാണുന്നു. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ ഗവര്‍ണ്ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
എന്നാല്‍ അവിടെ മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍ത്തകളും പോരാളി ഷാജി, അശോകന് ചരുവില്‍ തുടങ്ങിയ സൈബര്‍ സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാര്‍ത്തകള്‍ വല്ലതും വരുന്നുണ്ടോ? ഗൂഗിളില്‍ നോക്കിയിട്ട് അത്തരം വാര്‍ത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റര്‍/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച് കാണുന്നില്ല.
ഇതിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാരും പോലീസിലെ സൈബര്‍ ക്രൈം വിഭാഗവും ഗൗരവപൂര്‍വ്വം പരിശോധിക്കണം. ഇവിടത്തെ സമുദായിക സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണം.
#ഇവിടെഗോപാലസേന_അവിടെഗോള്വാള്ക്കര്സേന
Discussion about this post