ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേര്‍ക്കു ആക്രമണങ്ങള്‍ നടക്കുന്നതായുള്ള യുഎസ് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടിന്മേല്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ട് രാജ്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ശരിക്കു മനസ്സിലാക്കാതെയുള്ളതാണെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും സ്വരൂപ് കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയിലെ നേതാക്കന്മാരില്‍ നിന്നും മറ്റും നിരവധി ആക്ഷേപകരമായ പരാമര്‍ശം ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് ഉണ്ടാകുന്നതായി യുഎസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, വിശ്വ ഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ ആക്രമണങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നു.
ഇത്തരം പ്രചാരണങ്ങള്‍ക്കും മറ്റുമായി ഹിന്ദു സംഘടനകള്‍ സംഭാവന സ്വീകരിക്കുന്നു. ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനത്തിനു രണ്ട് ലക്ഷം രൂപയും മുസ്‌ലിംകളുടേതിന് അഞ്ച് ലക്ഷം രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര സമ്മര്‍ദം ഏറിയപ്പോള്‍ മതപരിവര്‍ത്തന തീയതി മാറ്റിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഡിസംബറില്‍, ആഗ്രയില്‍ നടന്ന ചടങ്ങില്‍ നൂറോളം മുസ്‌ലിം മതവിശ്വാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ഹിന്ദുമതത്തിലേക്കു മാറ്റിയിരുന്നു. 2014 സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ദലിത് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്‌സ് വിഭാഗം അവരെ ഹൈന്ദവമതത്തിലേക്കു നിര്‍ബന്ധിച്ചു മതംമാറ്റിയെന്നും അവരുടെ പള്ളിയെ അമ്പലമാക്കി മാറ്റിയെന്നും പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നോയെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post