ബിജെപിയുടെ യുവനേതാവ് വിവി രാജേഷ് ഇടതുപാളയത്തിലേക്ക് എന്ന വാര്‍ത്തകള്‍ക്ക് മറുപടി. ജീവിതകാലം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും സിപിഐയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമാണെന്നും അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ രാജേഷ് വ്യക്തമാക്കി.
അപവാദ പ്രചരണങ്ങള്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകാന്‍ എനിക്ക് ബിജെപി പൂര്‍ണമായ സ്വാതന്ത്ര്യവും പിന്തുണയും നല്‍കുന്നുണ്ട്. മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും വിവി രാജേഷ് പറഞ്ഞു. നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃത്യസമയത്ത് തുക ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും രാജേഷ് അറിയിച്ചു.
ജീവിതകാലം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ 25 വര്‍ഷമായി പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിച്ചു. വര്‍ഷങ്ങളോളം പാര്‍ട്ടി പ്രവര്‍ത്തകനായി നില്‍ക്കുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ മൂന്നോ നാലോ മാസം പാര്‍ട്ടി ചുമതലയുണ്ടാകാം. ഇല്ലാതിരിക്കാം. എന്നുകരുതി മറ്റ് പാര്‍ട്ടിയില്‍ പോകുന്നു എന്ന് പറയുന്നത് ശരിയാണോ..? എനിക്കെതിരെ വന്ന വാര്‍ത്തയില്‍ പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്. കുറച്ചുമുന്‍പ് കിളിമാനൂരില്‍ വച്ച് ചര്‍ച്ച നടത്തി എന്നൊക്കെ വാര്‍ത്ത വന്നിരുന്നു. എന്ന് എവിടെവച്ചു നടത്തി എന്നൊക്കെ പറയാന്‍ വാര്‍ത്ത നല്‍കിയവര്‍ ബാധ്യസ്ഥരാണ്. വി.വി.രാജേഷിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി എന്ന കാര്യം എവിടെ നിന്നാണ് വാര്‍ത്ത നല്‍കിയവര്‍ക്ക് ലഭിച്ചത്. അങ്ങനെയുണ്ടെങ്കില്‍ വി.വി.രാജേഷിനെ പുറത്താക്കി പാര്‍ട്ടി നല്‍കിയ നോട്ടീസ് അവര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു സംഘടനയാകുമ്പോള്‍ ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതെല്ലാം സംഘടനയ്ക്ക് അകത്ത് പരിഹരിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ മുന്‍കാല വിവാദങ്ങളിലേക്കൊന്നും ഇപ്പോള്‍ പോകാന്‍ താത്പര്യപര്യമില്ല. പക്ഷെ, എന്റെ കുടുംബ പശ്ചാത്തലവും ഞാന്‍ നടത്തുന്ന പ്രവര്‍ത്തനവും എന്താണെന്ന് കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനം നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് അറിയാമെന്നും രാജേഷ് വ്യക്തമാക്കുന്നു.
Discussion about this post