ശിര്‍ദി ഇന്‍ഡസ്ട്രീസുമായുള്ള റെയില്‍വേ മന്ത്രി പീയൂഷ് ഗോയാലിന്റെ ബന്ധത്തെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റിനെതിരെ സായി ബാബാ ട്രസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. രാഹുലിന്റെ ട്വീറ്റ് ലോകത്തുള്ള എല്ലാ സായി ബാബാ ഭക്തരെയും അധിക്ഷേപിച്ചെന്നും അതിനാല്‍ രാഹുല്‍ മാപ്പ് പറയണമെന്നും ഇവര്‍ പറഞ്ഞു.
‘ശിര്ദിയുടെ അത്ഭുതങ്ങള്‍ക്ക് ഒരു അതിരുമില്ല’ എന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ശിര്‍ദി സായി ബാബയുടെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ രാഹുല്‍ ഗാന്ധി ലോകത്തുള്ള എല്ലാ സായി ബാബാ ഭക്തരോടും മാപ്പ് പറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
मित्रों….
"शिरडी के चमत्कारों" की तो कोई "सीमा" ही नहीं है| #PiyushGhotalaReturns
— Rahul Gandhi (@RahulGandhi) April 11, 2018
എന്നാല്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത് ശിര്‍ദി എന്ന വ്യവസായ സ്ഥാപനത്തെയാണെന്നും ശിര്‍ദി എന്ന പേര് കമ്പനികളും മറ്റും ഉപയോഗിക്കുന്നതിനെതിരെ എസ്.ഇ.ബി.ഐ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസിന്റെ രന്ദീപ് സുര്‍ജേവാല പറഞ്ഞു.
വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപണമുള്ള ശിര്‍ദി ഇന്‍ഡസ്ട്രീസുമായി പീയൂഷ് ഗോയാലിന് ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും ഈ നീക്കം കോണ്‍ഗ്രസിന്റെ തന്നെ വിവിധ തട്ടിപ്പുകള്‍ മറച്ച് വെക്കാനുള്ള ഒരു തന്ത്രമാണെന്നും ബി.ജെ.പി ആരോപിച്ചു.
Discussion about this post