കോഴിക്കോട്: സംസ്ഥാനത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി തീര്‍ക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടികളുമായി ഡോക്ടര്‍മാര്‍.
കേരളത്തെ സമ്പൂര്‍ണ ഹോമിയോ ഗ്രാമമാക്കി മാറ്റുമെന്നും അതിനായി ഹോമിയോ ചികിത്സാ സൗകര്യം ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഘട്ടം ഘട്ടമായി ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്നുമാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.എന്നാല്‍ ഈ തീരുമാനത്തിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളുമായാണ് ചില യുവ ഡോക്ടര്‍മാര്‍ എത്തിയത്.
‘സൈന്റിഫിക്ക് അല്ലാത്ത ചികിത്സാരീതിയാണ് ഹോമിയോപ്പതി എന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നും . പല രാജ്യങ്ങളിലും ഇതുമൂലം ഹോമിയോപ്പതി നിരോധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയുള്ള കമന്റുകളാണ് മിക്കതും.ആരോഗ്യ വിഷയങ്ങളില്‍ ശാസ്ത്രീയത ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമൊക്കെ ഡോക്ടര്‍മാരുടെ കമന്റുകള്‍ വന്നു.
https://www.facebook.com/kkshailaja/posts/1692891034132204
‘ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന എമര്‍ജ്ജന്‍സി ട്രോമ കെയര്‍ കൂടി അങ്ങോട്ടേക്ക് മാറ്റിയാല്‍ വലിയ ഉപകാരമായിരിക്കും. സ്റ്റാഫ് ഷോര്‍ട്ടേജുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ആശ്വാസമാകുന്നതൊപ്പം ജനസംഖ്യാനിയന്ത്രണത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയുമാവാം. ഭാവുകങ്ങള്‍’, എന്നൊക്കെ രസകരമായ കമന്റുകള്‍ വന്നു.
ജര്‍മ്മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികില്‍സാസമ്പ്രദായമാണ് ഹോമിയോപ്പതി. എല്ലാ രോഗങ്ങള്‍ക്കും കാരണം ‘ജീവശക്തി’യുടെ അസന്തുലിതാവസ്ഥയാണെന്നാണ് ഹോമിയോ വാദം. നേര്‍പ്പിക്കും തോറും വീര്യം കൂടും എന്ന ഹോമിയോ സിദ്ധാന്തം സാമാന്യ യുക്തിക്കും ശാസ്ത്രത്തിനും വിരുദ്ധമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്വാഭാവിക വിടുതല്‍, പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം, പ്ലാസിബോ പ്രതിഭാസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഹോമിയോ രോഗം മാറ്റുന്നു എന്ന ധാരണയുണ്ടാക്കുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post