ചണ്ഡീഗഡ്: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റുമായി കോൺഗ്രസ് നേതാവ്. മുൻ മന്ത്രിയും ഫരീദാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ മഹേന്ദ്ര പ്രതാപ് സിംഗാണ് ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കില്ലെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ഒന്നും മറച്ചുവയ്ക്കാനില്ല. സുരക്ഷാ ഭീഷണിയെ തുടർന്ന് സുരക്ഷാ സേനാംഗങ്ങളെ വ്യോമമാർഗ്ഗം എത്തിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതായി ഗവർണറായിരുന്ന സത്യപാൽ മാലിക് വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണം ഉണ്ടായത് നമ്മുടെ തെറ്റ് കൊണ്ടാണെന്ന് വ്യക്തമാകാൻ ഇതിലും വലിയ തെളിവ് മറ്റ് എന്താണ്. ഭീകരാക്രമണത്തിലൂടെ തുടർഭരണം ഉറപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. മൂന്നാം ഊഴത്തിനായി അവർ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും പ്രതാപ് സിംഗ് ആരോപിച്ചു.
നേരത്തെ കോൺഗ്രസ് നേതാക്കളായ ചന്ദ്രജിത് സിംഗ് ഛന്നീ,ശശി തരൂർ തുടങ്ങിയ നേതാക്കൾ പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കില്ലെന്ന തരത്തിൽ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ സമാന രീതിയിൽ പ്രതാപ് സിംഗും വിവാദം സൃഷ്ടിച്ചത്. അതേസമയം സംഭവത്തിൽ പ്രതാപ് സിംഗിനെതിരെ ശക്തമായ വിമർശനം ആണ് ഉയരുന്നത്.








