തിരുവനന്തപുരം; തിരുവനന്തപുരം ജില്ലാകളക്ടർ ജെറോമിക് ജോർജ്ജിനെതിരെ കേരള ഗവൺമെന്റ് മെഡിക്കല് ഓഫീസേഴ്‌സ് അസോസിയേൻ. സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെയാണ് കളക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കളക്ടറുടെ നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടന ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.തിരക്കേറിയ ഒ.പിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കെ.ജി.എം.ഒ.എ. കുറ്റപ്പെടുത്തി.കളക്ടറുടെ നടപടി കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിലെ ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.ജി.എം.ഒ.എ. ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നിന്നാണ് സ്വകാര്യ ആവശ്യത്തിന് ഒരു സർജനെ വീട്ടിലേക്ക് വിടണമെന്നാവശ്യപ്പെട്ട് ഡിഎംഒയ്ക്ക് ഫോൺ സന്ദേശമെത്തുന്നത്. അത്തരമൊരു കീഴ്വഴക്കം ഇല്ലാത്തതിനാൽ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല. എന്നാൽ വീണ്ടും ആവശ്യപ്പെട്ടതോടെ ഡിഎംഒ ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിനെ വിളിച്ച് കളക്ടറുടെ വീട്ടിലേക്ക് ഡോക്ടറെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ആശുപത്രിയിലെ സർജറി വിഭാഗത്തിൽ നിന്ന് ഒരു ഡോക്ടറെ ഇതിനായി നിയോഗിക്കുകയായിരുന്നു.
നല്ല തിരക്കുള്ള സമയത്ത് ഒപിയിലെ പരിശോധന നിറുത്തിവയ്പ്പിച്ചുകൊണ്ടായിരുന്നു ഡോക്ടറെ കളക്ടറുടെ വീട്ടിലേക്ക് അയച്ചത്. എന്തിനാണ് ഡോക്ടറെ വിളിച്ചുവരുത്തുന്നതെന്ന് കളക്ടർ പറഞ്ഞിരുന്നില്ല. അവിടെ ചെന്നപ്പോഴാണ് കുഴിനഖ ചികിത്സയ്ക്കാണെന്ന് വ്യക്തമായത്. തുടർന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് വീട്ടിൽ കാത്തിരിക്കേണ്ടി വന്നുവെന്നും വിവരമുണ്ട്. ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിയിലിരിക്കെയാണ് ഡോക്ടറെ സ്വകാര്യ ആവശ്യത്തിനായി വിളിച്ചുവരുത്തിയത്.
Discussion about this post