ഡല്‍ഹി: മൂന്ന് പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ സേനയുടെ ഭാഗമായ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ രൂക്ഷവിമര്‍ശനം. സൈന്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായവ അല്ല തേജസ് വിമാനങ്ങളെന്നാണ് സി.എ.ജി വ്യക്തമാക്കുന്നത്.വ്യോമസേന ആവശ്യപ്പെട്ട തരത്തിലുള്ള ഇലക്ട്രോണിക് സാങ്കേതിക വിദ്യകള്‍ തേജസില്‍ ഇല്ല.ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനു വേണ്ടി തേജസ് വിമാനം ഇല്ലാത്തതും പ്രതികൂലമായ സാഹചര്യമാണ്. തേജസ് വിമാനങ്ങള്‍ സമയബന്ധിതമായി ലഭിക്കാതെ വന്നതിനാലാണ് സേനയ്ക്ക്, മിഗ് ബി.ഐ.എസ്, മിഗ് 29, ജാഗ്വാര്‍, മിറാഷ് പോലുള്ള വിമാനങ്ങളെ ആശ്രയിക്കേണ്ടി വന്നത്. ഇവയ്ക്കായി 20,037 കോടി രൂപയാണ് ചെലവിട്ടത്.
സ്വയം സുരക്ഷ നല്‍കുന്ന ജാമറുകള്‍ സ്ഥലപരിമിതി മൂലം ഇതില്‍ ഘടിപ്പിക്കാനും കഴിയില്ല. മാത്രമല്ല, വിമാനത്തിലെ റഡാര്‍ മുന്നറിയിപ്പ് സംവിധാനത്തിന്റേയും കൗണ്ടര്‍ മെഷര്‍ ഡിസ്‌പെന്‍സിംഗ് സംവിധാനത്തിന്റേയും പ്രവര്‍ത്തന മികവില്‍ സംശയമുണ്ട്. ഭാരം കൂടിയതും, ഇന്ധന ശേഷി കുറഞ്ഞതും ഇന്ധന സംവിധാനത്തിന് സുരക്ഷയില്ലാത്തതും പൈലറ്റുമാര്‍ക്ക് സംരക്ഷണം നല്‍കാനാവാത്ത സംവിധാനങ്ങളും കുറഞ്ഞ വേഗതയും ഈ വിമാനങ്ങളുടെ പോരായ്മയാണ്. എന്നാല്‍, മാര്‍ക്ക്2 മോഡല്‍ വരുന്നതോടെ ഇതൊക്കെ മറികടക്കാമെന്ന നിഗമനത്തിലാണ് സൈന്യം. അതിനായി 2018 ഡിസംബര്‍ വരെ കാത്തിരിക്കണം. കാവേരി എഞ്ചിന്‍, ബഹുമുഖ റഡാര്‍, റാന്‍ഡോം, ബഹുമുഖ ഡിസ്‌പ്ലേ സംവിധാനം, ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം അക്യൂട്ടറുകള്‍ എന്നിവ വിജയകരമായി നിര്‍മിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ തന്നെ ഈ സംവിധാനങ്ങള്‍ക്കായി ഇറക്കുമതി ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വന്നു.
ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും ദൗര്‍ലഭ്യമുണ്ടെന്നും സി.എ.ജി പറയുന്നു. ഇരുപത് ദിവസത്തേക്കുള്ള യുദ്ധക്കോപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ സേനയുടെ കൈയിലുള്ളതെന്നും പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം തേജസ് യുദ്ധവിമാനങ്ങള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. 35 ശതമാനം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ക്ക് അന്പത്തിമൂന്നോളം സാങ്കേതിക ഉപകരണങ്ങളുടെ കുറവാണുള്ളത്. ആകെയുള്ള നൂറ്റി എഴുപതോളം സ്‌ഫോടക വസ്തുക്കളില്‍ 125 ഇനത്തില്‍ പെട്ടവ ഇരുപത് ദിവസത്തെ യുദ്ധത്തിന് പോലും തികയാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Discussion about this post