ന്യൂയോര്‍ക്ക്: ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിംഗപ്പുര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നീരവ് യാത്ര ചെയ്യുന്നത്. ഇയാളുടെ സഹോദരന്‍ നിശാല്‍ മോദി ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുണ്ടെന്നാണ് വിവരം. ബെല്‍ജിയത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാളുടെ യാത്രകള്‍. നീരവിന്റെ സഹോദരി പൂര്‍വി മെഹ്തയ്ക്കും ബെല്‍ജിയന്‍ പാസ്‌പോര്‍ട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഹോങ്കോംഗിലാണുള്ളതെന്നും ഇഡി വെളിപ്പെടുത്തി.
പൂര്‍വിയുടെ ഭര്‍ത്താവ് റോസി ബ്ലു ഡയമണ്ട്‌സിലെ മായങ്ക് മെഹ്ത ബ്രിട്ടീസ് പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത്. ഈ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ ഹോങ്കോംഗില്‍നിന്നു ന്യൂയോര്‍ക്കിലേക്കു തുടര്‍ച്ചയായി യാത്രകള്‍ നടത്തുന്നുണ്ടെന്നാണ് ഇഡി നല്‍കുന്ന റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ഇവര്‍ക്കെല്ലാം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഈ നോട്ടീസുകള്‍ വകവച്ചിരുന്നില്ല.
ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഹോങ്കോംഗിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ചൈനയുടെ പ്രത്യേക ഭരണനിയന്ത്രണത്തിലൂള്ള ഹോങ്കോംഗ് അറസ്റ്റിനുള്ള അനുമതി നല്കിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് മോദി ലണ്ടനിലേക്കു കടന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാല്‍ പിടികൂടാനുള്ള സാധ്യത മനസിലാക്കി ബെല്‍ജിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു ഹോങ്കോംഗില്‍നിന്നു കടന്നത്.
Discussion about this post