കോട്ടയത്തിനടുത്തുള്ള കുമ്മനം എന്ന ഗ്രാമത്തിൽ നിന്ന് ഒരു സംഘപ്രചാരകൻ കയ്യിലൊന്നുമെടുക്കാതെ സന്യാസിതുല്യമായ ജീവിതത്തിലേയ്ക്ക് നടന്നുകയറിയപ്പോൾ ഒരുപക്ഷേ താൻ ഏറ്റെടുക്കാനിരിയ്ക്കുന്ന മഹാനിയോഗങ്ങളെപ്പറ്റി ഒട്ടും ഓർത്തിരിയ്ക്കാനിടയില്ല. സീ എം എസ് കോളേജിൽ നിന്ന് ബോട്ടണി ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ളോമയുമായി ദീപിക ദിനപ്പത്രത്തിൽ പത്രപ്രവർത്തകനായി തുടങ്ങിയ യാത്രയാണത്. അതിനു ശേഷം പല പത്രങ്ങളിൽ ജോലിചെയ്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിലെ ഉദ്യോഗസ്ഥനായി സർക്കാർ സർവീസിൽ കയറിയപ്പോഴും സർക്കാരുദ്യോഗസ്ഥനായി ഒതുങ്ങിക്കൂടാനുള്ള ഒരു സാധാരണ ജീവിതമായിരുന്നു മുന്നിൽ.
നിലയ്ക്കൽ മഹദേവക്ഷേത്രത്തിന്റെ നടയ്ക്ക് മുന്നിൽ ചാണകക്കുഴിയിൽ കുഴിച്ചിട്ടു പഴക്കം തോന്നിപ്പിച്ച ഒരു മരക്കുരിശു കുത്തിവച്ച് ഇല്ലാത്ത കഥകൾ ചരിത്രമാക്കാൻ ഒരു വിഭാഗം മതമൗലികവാദികൾ ശ്രമിച്ച സമയം മുതലായിരിക്കും കുമ്മനം രാജശേഖരൻ എന്ന മനുഷ്യന്റെ ഇടപെടലുകളെപ്പറ്റി ജനങ്ങളറിയാൻ തുടങ്ങിയത്.
ലോകമെമ്പാടും ചില ക്രിസ്ത്യൻ സഭകൾ നടത്തിയ ചരിത്ര അപനിർമ്മിതിയുടെ നിലയ്ക്കൽ രൂപമായിരുന്നത്. ദക്ഷിണഭാരതത്തിലെ ജനങ്ങളെ ഏറ്റവുമൊരുമിപ്പിച്ചുനിർത്തുന്നതിലൊരു പ്രധാനകണ്ണി സർവാഭീഷ്ടവരദായകനായ ആ അയ്യപ്പസ്വാമിയാണെന്നത് ചിലരെയെങ്കിലും അവരുടെ അജണ്ടകളിൽ നിന്ന് അകറ്റി നിർത്തുന്നുണ്ടായിരിയ്ക്കണം. കോട്ടയത്തുനിന്ന് തന്നെ പോയവർ അതിനു മുൻപും ശബരിമല അമ്പലം തീവച്ചിരുന്നു.
ഇത് ശബരിമല പൂങ്കാവനത്തിലെ കണ്ണായ സ്ഥലത്ത്, നിലയ്ക്കൽ മഹാദേവക്ഷേത്രത്തിന്റെ മുറ്റത്ത് ഒരു സുപ്രഭാതത്തിൽ ഒരു കുരിശു പ്രത്യക്ഷപ്പെടുകയാണ്. അമ്പലമുറ്റത്ത് ആ കുരിശിന്റെ മുന്നിൽ കുടിലുകെട്ടി മാത്യൂ അന്തിയകുളം എന്ന ക്രിസ്ത്യൻ പാതിരിയും കൂട്ടരും പ്രാർത്ഥനയും തുടങ്ങി. ഇതൊക്കെക്കണ്ട് പകച്ചു നിൽക്കുകയായിരുന്നു അന്നാട്ടിലെ ആളുകൾ. ആരും ചോദിയ്ക്കാനില്ലാത്ത അവസ്ഥ. ഒരു രാഷ്ട്രീയപ്പാർട്ടിയും ചെറുവിരലനക്കാത്ത അവസ്ഥ.
സത്യാനന്ദസരസ്വതി സ്വാമികളോടൊപ്പം കുമ്മനം രാജേട്ടൻ അവിടെയെത്തി. അന്നു മുതലുള്ളത് ചരിത്രമാണ്. 1983 ഏപ്രിൽ പതിനാലിനു നാമജപയാത്രയോടെ തുടങ്ങിയ പ്രക്ഷോഭം. സകല ഹിന്ദു സംഘടനകളും എസ് എൻ ഡീ പീ യൂണിയനും, എൻ എസ് എസും, അന്നത്തെ ദേവസ്വം പ്രസിഡന്റും തുടങ്ങി ഇരുപത്തിയേഴ് ഹൈന്ദവ സംഘടനാ പ്രമുഖർ അടങ്ങിയ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി. എല്ലാവരും ഒത്തൊരുമിച്ചു ചെന്നിട്ടും ഹിന്ദുക്കൾക്ക് ഒരു സംഘടനയില്ലാത്തതുകൊണ്ട് നേതാക്കളായി ആരേയും കാണാനാവില്ലെന്ന് അന്ന് മുഖ്യമന്ത്രി കെ കരുണാകരൻ മൊഴിഞ്ഞു.
എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഇന്നാട്ടിലെ ഹൈന്ദവരെ നോക്കുകുത്തിയാക്കി ഏപ്രിൽ 29നു നിലയ്ക്കലിൽ കുരിശുകുത്തിയ സ്ഥലത്ത് മൂന്നര ഏക്കർ സ്ഥലം പള്ളിപണിയാൻ അനുവദിച്ചുകൊടുത്തു കരുണാകരന്റെ സർക്കാർ.
അയ്യപ്പന്റെ പൂങ്കാവനത്തിൽ ഇല്ലാത്ത കുരിശുകണ്ടെത്തിയെന്ന് പറഞ്ഞ് പള്ളിപണിയാനാകില്ല എന്ന് ഉറപ്പിച്ചുപറഞ്ഞു സമരം ചെയ്തു. അഹിംസാത്മകമായ സഹനസമരം. നാമം ജപിച്ചും ശരണം വിളിച്ചും നിന്ന മനുഷ്യർക്ക് നേരേ പോലീസ് വെടിവച്ചു. ക്രൂരമായി മർദ്ദിച്ചു. നൂറോളം ആൾക്കാർക്ക് പരിക്കുപറ്റി. മർദ്ദനമേറ്റ കൊരമ്പാല ചന്ദ്രൻ പിള്ള അതിന്റെ പരിക്കുകൾ കാരണം ആറുമാസം ചികിത്സയിൽക്കഴിഞ്ഞ് മരണപ്പെട്ടു. ആ മർദ്ദനത്തിന്റെ അവശേഷിപ്പുകൾ ഇന്നും കുമ്മനം രാജശേഖരനെന്ന മനുഷ്യന്റെ ശരീരം സഹിയ്ക്കുന്നുണ്ട്.
ഉൽപ്പതിഷ്ണുക്കളായ ക്രിസ്ത്യാനികൾക്ക് പോലും ഈ ക്രൂരത സഹിച്ചില്ല. അവരുൾപ്പെടെ ഹൈന്ദവർക്ക് വേണ്ടി മുന്നോട്ടുവന്നു. ചില പ്രത്യേക വിഭാഗങ്ങൾ ലോകമെമ്പാടും തുടർന്നു പോകുന്ന വികലചരിത്രനിർമ്മിതിയെപ്പറ്റി ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് ഹിന്ദുക്കളേക്കാളും ബോദ്ധ്യമുണ്ടായിരുന്നു. ആ തടിക്കുരിശ് ഒരു പഴക്കവുമില്ലാത്ത തടിയാണെന്ന് ശാസ്ത്രീയ റിപ്പോർട്ടുകൾ വന്നു. പിന്മാറാതെ രക്ഷയില്ലായിരുന്നു മതമൗലികവാദികൾക്ക്. പള്ളി പണിയാനുള്ള നീക്കത്തിൽ നിന്ന് അവർ പിന്തിരിഞ്ഞു.
ഉൽപ്പതിഷ്ണുക്കളായ ക്രിസ്ത്യാനികൾ തന്നെ രാഷ്ട്രീയഭേദമന്യേ ഇന്ന് മറ്റേതൊരു നേതാവിനേക്കാളും ബഹുമാനത്തോടേയും സ്നേഹത്തോടെയും കാണുന്ന നേതാക്കളിലൊരാളാണ് കുമ്മനം രാജേട്ടൻ എന്നതാണ് ആ പ്രക്ഷോഭത്തിന്റെ ബാക്കിപത്രമെന്ന് പറയുമ്പോൾ ഈ മനുഷ്യന്റെ ഇടപെടലുകളിലുള്ള സത്യസന്ധതയ്ക്ക് മറ്റൊരു തെളിവും വേണമെന്ന് കരുതുന്നില്ല. എതിരായി നിൽക്കുന്നവരെപ്പോലും തിരിഞ്ഞു ചിന്തിപ്പിയ്ക്കുവാനുള്ള ആ കഴിവ് ഉള്ളിൽ നിന്നുള്ള ആത്മീയശക്തിയിൽ നിന്നും ത്യാഗത്തിന്റെ വൈഭവത്തിൽ നിന്നും തന്നെ വരുന്നതാണ്.
കുമ്മനം രാജശേഖരന് ക്രിസ്ത്യാനികളെ പലകാര്യങ്ങളും പഠിപ്പിച്ച ക്രിസ്തീയ ഗുരുവാണെന്ന് മാര്‍ത്തോമാസഭ വലിയ മെത്രാപ്പൊലീത്ത ഫിലീപ്പോസ് മാര്‍ ക്രിസോസ്റ്റം ഒരിയ്ക്കൽ പറയുകയുണ്ടായി. സഹിഷ്ണുതയുടെ പ്രവാചകനാണ് കുമ്മനം രാജശേഖരനെന്നാണ് മാര്‍ത്തോമാസഭ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞത്.
ഈയിടെ എവിടെയോ മാറാട് കലാപത്തിൽ ഇടപെട്ട കുമ്മനം എന്ന വർഗ്ഗീയവാദിയെപ്പറ്റി ആരോ ഫെയിസ്ബുക്കിൽ എഴുതിയിരിയ്ക്കുന്നു! ശരിയ്ക്കും അന്ധാളിച്ചു പോയൊരു കുറിപ്പായിരുന്നത്. എന്ത് കള്ളവും, നടന്നതിന്റെ നേരേ വിപരീതമായതുപോലും യാതൊരുളുപ്പുമില്ലാതെ വിളിച്ചുപറയാൻ നാണമില്ലാത്തവർ ഈ കേരളലിബറൽ സമൂഹത്തിലുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളിലൊന്ന്.
മുസ്ലീം ലീഗിന്റെ മുതൽ സിമിയുടെയും എൻ ഡീ എഫ്ന്റേയും വരെ ഒത്താശയോടെ കുറേ ഭീകരവാദികൾ കൂട്ടുച്ചേർന്ന് എട്ടു ഹിന്ദുക്കളെ വെട്ടിക്കൊലപ്പെടുത്തുകയും കലാപാന്തരീക്ഷം സൃഷ്ടിയ്ക്കുകയും ചെയ്ത മാറാട് കടപ്പുറം.
കേസരി പത്രാധിപസമിതിയംഗമായ ടി വിജയൻ എഴുതുന്നു.
“പൊന്നാനി മുതല്‍ കാസര്‍കോടു വരെയുള്ള കടപ്പുറങ്ങളില്‍ ഏറിയ പങ്കും മുസ്ലിം ഭൂരിപക്ഷത്തിന്റെ കൈപ്പിടിയിലാണ്. അതിന് അപവാദമായി നില്ക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മാറാട്. മാറാട്ടെ ഹിന്ദുക്കളെ അക്രമത്തിലൂടെ തുരുത്തിയോടിക്കാന്‍ 2003 നു മുമ്പ് രണ്ടുതവണ ശ്രമം നടന്നു. മുസ്ലിം സംഘടിതനീക്കത്തിലൂടെ ഭൂമി കയ്യടക്കല്‍, ചെറിയസംഘര്ഷങ്ങളുണ്ടാക്കല് എന്നിവയും തുടര്‍ച്ചയായി നടന്നു. ഇതൊന്നും വിജയിക്കാതെ വന്നപ്പോഴാണ് കൂട്ടക്കൊല എന്ന തന്ത്രം മാറാട്ട് പ്രയോഗിച്ചത്. കൊലയാളികളില്‍ എന്‍ഡിഎഫിനൊപ്പം കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകരുണ്ടായിരുന്നു.
മാറാടുനിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ക്കു കണക്കില്ല. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, രാഷ്ട്രീയക്കാര്‍, സംസ്ഥാനത്തിനു പുറത്തുനിന്നെത്തി പരിശീലനം നല്കിയവര്, പള്ളിക്കകം ആയുധപ്പുരയാക്കിവര്- ഇങ്ങനെ നീളുന്ന മാറാട്ടെ വന്‍ ആസൂത്രകരില്‍ ആരും ഇതുവരെ നിയമത്തിനു മുമ്പില്‍ എത്തിയിട്ടില്ല. ഹിന്ദുക്കളുടെ ഭാഗ്യംകൊണ്ടു മാത്രമാണ് കൊലക്കിരയായവര് എട്ടായി ചുരുങ്ങിയത്. ഒരു പ്രദേശത്തെ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്താനുള്ള ആയുധങ്ങളും ബോംബുകളും പള്ളിവളപ്പില്‍ ഉണ്ടായിരുന്നു. ഇതൊക്കെ പരസ്യമാക്കപ്പെട്ടിട്ടും സംസ്ഥാനാന്തരബന്ധമുള്ള ആസൂത്രകരെ നിയമത്തിനു മുമ്പിലെത്തിക്കുന്നത് ഇടതു വലതു മുന്നണികള്‍ തടഞ്ഞുവെച്ചു. ഹിന്ദു വശംഹത്യയ്ക്കു അവര്‍ കൂട്ടുനിന്നു.”
ഇ അഹമ്മദെന്ന അന്നത്തെ മുസ്ലീം ലീഗ് കേന്ദ്ര മന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ തെളിവുകൾ പോലും ഇല്ലാതാക്കിക്കളഞ്ഞ മാറാട് കൂട്ടക്കൊല. ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ്ൽ ജോലിചെയ്തിരുന്നപ്പോൾ സിറാജ് എന്ന പേരുള്ള ഒരുവൻ സൂരജ് എന്ന പേരുമാറ്റി അതിനു തൊട്ടുമുന്നേ കോഴിക്കോട് കളക്ടറായതും ലോകത്തെ ജിഹാദി മൂലകളിൽനിന്നെല്ലാം പണമൊഴുകിയതും സകല ഗവണ്മെന്റ് സംവിധാനങ്ങളും ഭീകരവാദികൾക്കനുകൂലമായി പ്രവർത്തിച്ചതും ആ ഹിന്ദു കൂട്ടക്കൊലയോടനുബന്ധിച്ചാണ്.
അവസാനം ഗതികെട്ട് ആരോരുമില്ലാതെ, എട്ടുപേരെ നഷ്ടപ്പെട്ട് പോലീസും ഗവണ്മെന്റും എല്ലാം കൈയ്യൊഴിഞ്ഞ് കടുത്ത നടപടികളിലേയ്ക്ക് പോകാൻ തയ്യാറായി നിന്ന, വേറേ ഗതിയില്ലാഞ്ഞ കുറേ മുക്കുവക്കുടുംബങ്ങളെ തന്റെ സഹോദരരായി ഏറ്റെടുത്ത് അവരിൽ ആത്മാഭിമാനം പുനസ്ഥാപിച്ച് സമാധാനാന്തരീക്ഷം നിലനിർത്താൻ വീടുവീടാന്തരം കയറിയിറങ്ങി അവരെ കൂട്ടിയോജിപ്പിച്ചയാളാണ് രാജേട്ടൻ.
അവിടെ സമാധാനം പുനസ്ഥാപിയ്ക്കാനായുള്ള കഠിനമായ ശ്രമങ്ങളുടെ ഭാഗമായി അവിടെയെത്തിയ സംഘത്തോടൊപ്പം കുമ്മനം രാജേട്ടനുമുണ്ടായിരുന്നു. കൂട്ടക്കൊല കഴിഞ്ഞാണ് അദ്ദേഹം അവിടെയെത്തുന്നത്. മാറാട്ട് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാറാട് കടപ്പുറത്തെ ഓരോരോ മത്സ്യത്തൊഴിലാളി ഭവനങ്ങളും സന്ദര്‍ശിച്ച് ഏത് പ്രശ്നത്തിനും രക്തച്ചൊരിച്ചില്‍ പരിഹാരമാര്‍ഗമല്ലെന്ന് ഉപദേശിച്ച് പിന്നീടൊരിയ്ക്കലും ഒരു പ്രതികാരനടപടിയോ, കലാപമോ ആ ഭാഗത്തുണ്ടാകാത്ത നിലയിൽ ഏകനായി നടന്ന് സമാധാനം പുനസ്ഥാപിച്ച സന്യാസിതുല്യനാണ് കുമ്മനം. സമാധാനം പുനസ്ഥാപിയ്ക്കാനെത്തിയ സകലരും അന്നത് കൃത്യമായി പറഞ്ഞതുമാണ്.
പക്ഷേ കേരളത്തിന്റെ ഇടത് മനസ്സിന്റെ കട്ടിയേറിയ കപടപ്രിസം കടന്നങ്ങെത്തിയപ്പോൾ കുമ്മനം മാറാട് സമാധാന നേതാവ് എന്നതിനു പകരം ‘മാറാട് കലാപ’ നേതാവായി മാറി.!!
എന്താണ് സത്യമെന്ന് മനസ്സിലാക്കാൻ പോലും മെനക്കെടാത്ത, കലാപ നേതാവല്ല, കലാപം ഒഴിവാക്കിയ നേതാവാണ് കുമ്മനം എന്ന് കേരളത്തിനോട് പറയാൻ ആരെങ്കിലുമുണ്ടോ? ഇല്ല.കുമ്മനം ഇടപെട്ടതിന്റെ മറ്റൊരുദാഹരണമാണ് മാറാട്. ഇന്നും അവിടെ സമാധാനം പുലരുന്നു, ജനം ആത്മാഭിമാനത്തോടെ ജീവിയ്ക്കുന്നു.
ആറന്മുള മുതൽ ശബരിമല വരെയുള്ള വിഷയങ്ങളിൽ, ഇവിടത്തെ വനവാസികളോടും അടിസ്ഥാനജനവിഭാഗങ്ങളൊടും ദളിതരോടും കഷ്ടപ്പെടുന്നവരോടുമൊക്കെ ഒപ്പം എന്നും നിന്നിട്ടുള്ള നേതാവാണ് കുമ്മനം. സ്റ്റാർച്ചിട്ടു വടിപോലെയാക്കിയ കോട്ടൻ ഷർട്ടിനകത്തിറങ്ങി നിന്ന് നേതാവിന്റെ പതിവു കപടവേഷങ്ങളൊക്കെ കാണിയ്ക്കാൻ അൽപ്പം പിറകോട്ടുള്ള നേതാവാണ്. ഏത് കാട്ടിനുള്ളിലും കടപ്പുറത്തും സമരമുഖത്തുമൊക്കെയായാലും ബഹുജനങ്ങളോടൊപ്പമിരുന്നും നടന്നും കഴിച്ചും ജീവിയ്ക്കുന്ന മനുഷ്യൻ. കേരളത്തിലെ ബിജെപി എന്ന പാർട്ടിയിൽപ്പോലും ഒരു പ്രത്യേക ദിശാബോധത്തിനു കാരണമായ മനുഷ്യൻ.
എവിടെയെങ്കിലും കിടന്ന്, മുഷിഞ്ഞ ഒരു മുണ്ടൊക്കെയുടുത്ത് അദ്ദേഹം ജനങ്ങളുടെയിടയിലുണ്ടാവും. ഇന്നിപ്പോൾ ബിജെപി പാർട്ടി പ്രസിഡന്റൊക്കെയായതുകൊണ്ട് മാറിയിടാൻ ഒരു ഉടുപ്പെങ്കിലുമുണ്ടാവും അല്ലായിരുന്നെങ്കിൽ അതുപോലുമില്ലാതെ കാട്ടുമൂലയ്ക്കത്തെ ഏതെങ്കിലും കുടിലിലോ, അഗതികേന്ദ്രത്തിലോ, സേവാഭവനിലോ ഒക്കെച്ചെന്നാൽ കുമ്മനം രാജശേഖരനെ കാണാം. ഈ പ്രസിഡന്റല്ലാഞ്ഞാൽ, ഈ പ്രസിഡന്റ് പദം മാറിക്കഴിഞ്ഞാൽ ഒരു പ്രചാരകനായി, ഈ നാട്ടിലെ മനുഷ്യരുടെ കൂടെ ഒരാളായി. ഇനിയിപ്പൊ ഗവർണറായാലും രാജേട്ടനു മാറ്റമൊന്നുമുണ്ടാകില്ല.
ഈ കാർട്ടൂൺ സിനിമകളിലെ ഹൈനകളെ അവതരിപ്പിച്ചിരിയ്ക്കുന്നത് ഒരു പ്രത്യേക സ്വഭാവത്തോടെയാണ്. കൂട്ടത്തോടെ വന്ന് ചിരിയ്ക്കുന്ന പോലെ ശബ്ദമുണ്ടാക്കും. തിരിഞ്ഞുനിന്നാൽ വാലും ചുരുട്ടി ഓടും. തിരിഞ്ഞുനിൽക്കുമ്പോൾ വീണ്ടും കൂട്ടത്തോടെ വന്ന് കൂവിത്തുടങ്ങും. ഒന്നിനു പത്തായി കൂക്കിവിളിയും കൂവലും എതിരാളികളെയങ്ങ് ഇല്ലാതാക്കിക്കളയുമെന്നാണ് അവരുടെ വിചാരം. വല്ലവരുമെറിഞ്ഞുകൊടുക്കുന്ന കഷണങ്ങൾക്ക് കടികൂടുന്ന അത്തരം കാർട്ടൂൺ കഴുതപ്പുലികൾ മലയാളത്തിലെ സാമൂഹ്യമാദ്ധ്യമങ്ങളിലൊരുപാടുണ്ട്.
കുമ്മനം രാജേട്ടനെ ഇന്റർനെറ്റിലൂടെ നിരന്തരമായി ആക്ഷേപിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്താൽ ബിജെപിയേയും സംഘത്തേയുമങ്ങ് ഇല്ലാതാക്കിക്കളയാം എന്ന് വിചാരിച്ച് നടക്കുന്ന അത്തരം ഹൈനകൾ കൂട്ടം കൂടി ഓരിയിടുന്നത് രാജേട്ടൻ അറിയുന്നുപോലുമുണ്ടാവില്ല.
സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിയ്ക്കാനറിയാവുന്ന തിരഞ്ഞെടുക്കപ്പെട്ട ഉപരിവർഗ്ഗത്തിന്റെയിടയിലല്ല രാജേട്ടന്റെ ജീവിതം.
എന്നാലും തങ്ങളുൾപ്പെടെ നടത്തുന്ന ഈ വ്യഥാവ്യായാമത്തിന്റെ കാര്യം അദ്ദേഹത്തെ അറിയിയ്ക്കണമല്ലോ എന്ന് പറഞ്ഞ് മെനക്കെട്ട് നടക്കുന്ന ചില മാദ്ധ്യമപുംഗവർ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ഇത്.
‘തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്. എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.”
ഗവർണ്ണർ സ്ഥാനം ലഭിച്ചതിനെ സംബന്ധിച്ചുള്ള പ്രതികരണത്തിനായി മാധ്യമ പ്രവർത്തകർ ചുറ്റും നിന്നപ്പോൾ അദ്ദേഹം പറഞ്ഞു.
“ഞാനിത് ആഗ്രഹിച്ചിട്ടില്ല. ആരോടും ചോദിച്ചിട്ടുമില്ല. എനിക്കിത് വരെയും ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടുമില്ല. പിന്നെ ഞാനെങ്ങനെ പ്രതികരിക്കാൻ ആണ്?”
സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്ജിതഃ
തുല്യനിന്ദാസ്തുതിര്മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്ഭക്തിമാന്മേ പ്രിയോ നരഃ
ശത്രു, മിത്രം, മാനം, അപമാനം, സുഖം ദുഃഖം ശീതം, ഉഷ്ണം എന്നീ ഭേദങ്ങളില്ലാത്തവനും, എല്ലാവരിലും എല്ലാ അവസ്ഥകളിലും സമനിലയോടുകൂടിയിരിക്കുന്നവനും, അനാസക്തനും, സ്തുതിച്ചാലും നിന്ദിച്ചാലും ഒരേ ഭാവത്തോടുകൂടി പെരുമാറുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിപ്പെടുന്നവനും, പ്രത്യേകമൊരു സ്ഥാനമില്ലാ ത്തവനും, സ്ഥിരമായ ബുദ്ധിയോടുകൂടി എന്നെ ഭജിക്കുന്നവനും ആയ ഭക്തന് എനിക്കു പ്രിയനാകുന്നു.
കടക്ക് പുറത്ത് , നികൃഷ്ട ജീവി , കുലം കുത്തി എന്നൊക്കെ ഏതൊരാൾക്കും ഒരു സ്ഥാനത്തിരുന്നും പറയാൻ പറ്റുന്ന കാര്യങ്ങളാണ്. പക്ഷേ തികച്ചും രാഷ്ട്രീയ വിദ്വേഷം കൊണ്ടു മാത്രം ചുറ്റും നിന്ന് വ്യക്തിഹത്യ ചെയ്യുമ്പോൾ ചിരിച്ചു കൊണ്ട് ” തുല്യ നിന്ദ സ്തുതിർ മൗനി ” എന്ന് പറയാൻ അപൂർവ്വം ചിലർക്കേ കഴിയുകയുളളു.
കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാക്കണം എന്ന അഭിപ്രായം ചർച്ചയ്ക്ക് വന്നപ്പോൾ ഏറ്റവും എതിർത്തത് ഒരു മുതിർന്ന പ്രചാരകനായിരുന്നു എന്ന് കേട്ടിട്ടുണ്ട് .അത് വേറാരുമല്ല കുമ്മനം രാജശേഖരൻ തന്നെയാണ്. ഗവർണറാക്കുന്നത് സംസാരിച്ചിട്ടുണ്ടെങ്കിൽ അതും അദ്ദേഹം എതിർത്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ് .
ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിയുമ്പോൾ ഒരു കാവി തോർത്തും തോളിലിട്ട് ശബരിമല അയ്യപ്പന്മാർക്ക് അന്നദാനത്തിനു വേണ്ടി ഊരു തെണ്ടാനിറങ്ങുമെന്നാണ് കരുതിയിരുന്നത്.അല്ലെങ്കിലും മുൻകൂട്ടി കരുതുന്നതൊക്കെ എപ്പൊഴും തെറ്റിക്കുന്ന ഒരു പ്രസ്ഥാനത്തിലാണല്ലോ അദ്ദേഹം പ്രവർത്തിക്കുന്നത്
കുമ്മനം രാജശേഖരനെന്ന വ്യക്തി ഭഗവാനു പ്രിയപ്പെട്ടവനാണെന്നതിൽ സംശയമൊന്നുമില്ല. പക്ഷേ താൻ കർമ്മയോഗിയായി ജീവിയ്ക്കുന്ന ജനങ്ങളുടെയിടയിൽ ആ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി എതിരാളികൾ പോലും സ്തുതിയ്ക്കുന്നവനായി രാജേട്ടൻ പുതിയ ഭരണഘടനാപദവിയിലേക്ക് മുന്നോട്ടുപോവുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിസോറം കൂടിയുണ്ട് ബാക്കി. ഭാരതത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിമാറിവന്ന കുടുംബഭരണവും രാഷ്ട്രീയസമവാക്യങ്ങളും പാർശ്വവൽക്കരിച്ച ഒരു ജനതയാണവിടെയുള്ളത്. നരേന്ദ്രമോദിസർക്കാർ അധികാരത്തിലെത്തിയന്ന് മുതൽ വൻ പദ്ധതികളാണ് അവിടേയ്ക്ക് വരുന്നത്. ഒരു ഉദാഹരണം ഈ വർഷാവസാനം ചെയ്യപ്പെടുന്ന ബോഗിബീൽ റെയിൽ റോഡ് ബ്രിഡ്ജ്.
1985 ൽ തുടങ്ങിയ ഈ പദ്ധതി പന്ത്രണ്ടുകൊല്ലത്തെ കാത്തിരിപ്പിനു ശേഷം 1997 ൽ രൂപരേഖ തയാറാക്കി. വാജ്പേയി സർക്കാരാണ് 1998ൽ ഈ പദ്ധതിക്ക് അനുമതി നൽകിയത്. 2002 ൽ അദ്ദേഹത്തിന്റെ കാലത്തു തന്നെ തറക്കല്ലിട്ടു..
പക്ഷേ അതുകഴിഞ്ഞ് ഇഴഞ്ഞും കിതച്ചും നീങ്ങിയ പണികൾ ശരവേഗത്തിൽ തീർക്കാൻ മോദി സർക്കാരാണ് തീരുമാനിച്ചത്. ഈ വർഷം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണാ പാലം. അറുനൂറു കിലോമീറ്റർ വരുന്ന യാത്ര വെറും അഞ്ചു കിലോമീറ്ററിൽത്താഴേയ്ക്ക് വരും ഈ പദ്ധതിയിലൂടെ. സൈനികമായും വാണിജ്യപരമായും ഭാരതത്തെ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിയ്ക്കുന്ന ഇത് ഏഷ്യയിലെ ഇത്തരത്തിലെ രണ്ടാമത്തെ വലിയ പാലമാകും.
മിസോറാമിൽത്തന്നെ 1998ൽ വാജ്പേയ് ഗവണ്മെന്റ് കമ്മീഷൻ ചെയ്ത തുയ്രിയൽ ജലവൈദ്യുതപദ്ധതി വേറൊരുദാഹരണം. സ്വാഭാവികമായും പതിനാറുകൊല്ലത്തെ ഇഴച്ചിലിനു ശേഷം ഈ ഗവണ്മെന്റിന്റെ കാലത്ത് ത്വരിതഗതിയിലാക്കിയ പദ്ധതി 2017ൽ നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു. അതോടെ മിസോറാം ഒരു വൈദ്യുതി മിച്ചമുള്ള സംസ്ഥാനമായി മാറി. കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുമായുള്ള ഭാരതത്തിന്റെ ക്രയവിക്രയങ്ങളുടെ പ്രധാനപ്പെട്ട വികസന ഇടനാഴിയാകാൻ പോവുകയാണ് നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.
ഈ സമയത്ത് അവിടെ ഭാരതീയതയുടെ ആഴമറിഞ്ഞ ഒരാൾ തന്നെ പ്രസിഡന്റ് രാംനാഥ്കോവിന്ദ് ന്റെ പ്രതിനിധിയായിയുണ്ടാവണം.
മയി സര്‍വ്വാണി കര്‍മാണി സംന്യസ്യാധ്യാത്മചേതസാ
നിരാശീര്നിര്മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ
യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോനസൂയന്തോ മുച്യന്തേ തേപി കര്‍മഭിഃ
സര്‍വകര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നിര്‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.എന്റെ ഈ അഭിപ്രായം നിത്യവും ശ്രദ്ധയോടും അസൂയ കൂടാതെയും യാതൊരു മനുഷ്യര്‍ അനുഷ്ഠിക്കുന്നുവോ അവരും കര്‍മ്മബന്ധത്തില്‍നിന്നും വിമുക്തരായിത്തീരുന്നു.
രാജേട്ടാ, എല്ലാ ആശംസകളും. ഏറ്റെടുത്ത ഒന്നും അങ്ങ് പൂർത്തിയാക്കാതെയിരുന്നിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മറ്റ് ഏഷ്യൻ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ വികസന ഇടനാഴിയാകുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടതെന്ന് തോന്നിക്കിടക്കുന്ന ആ ജനതയെ മുഖ്യധാരയിലേക്കുയർത്താൻ അങ്ങയെപ്പോലെയൊരാൾക്ക് മുന്നിൽ നിൽക്കാനാകും. പുതിയ യാത്രകളിൽ സാക്ഷാൽ ഗീതാകാരൻ അങ്ങേയ്ക്ക് തുണയുണ്ടാകട്ടേ.
Discussion about this post