ഇന്ത്യന്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനുമായി അയ്യായിരത്തിയഞ്ഞൂറു കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. വ്യോമസേനയ്ക്കായി പന്ത്രണ്ട് അതിശക്ത റഡാറുകളും കരസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനുമായി ഹോവര്ക്രാഫ്റ്റുകളുമാണ് വാങ്ങുന്നത്.
അതില്‍ അതിശക്ത റഡാറുകള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ ഉപകരണങ്ങള്‍ വാങ്ങാനുള്ള പദ്ധതിയില്‍ (Buy Indian Designed, Developed and Manufactured’, or Buy IDDM) ഉള്‍പ്പെടുത്തിയാണ് വാങ്ങുന്നത്.
അതിദൂര, അത്യുന്നത റഡാര്‍ പരിരക്ഷ നല്കാന് ഉദ്ദേശിച്ചിട്ടുള്ളതാണ് പുതിയ പന്ത്രണ്ട് റഡാറുകള്‍. അതിവേഗതയില്‍ പോകുന്ന മിസൈലുകള്‍ റോക്കറ്റുകള്‍ എന്നിവയെ കണ്ടുപിടിയ്ക്കാനാവും ഇത് കൂടുതലും ഉപയോഗിയ്ക്കുകയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. യന്ത്രസഹായത്താല്‍ തിരിയാതെ തന്നെ 360 ഡിഗ്രിയില്‍ പരിശോധിയ്ക്കാന്‍ പുതിയ റഡാറുകള്‍ക്ക് കഴിയും. മുഴുവന്‍ സമയവും പ്രവര്ത്തനസജ്ജമായിരിയ്ക്കുകയും ചെയ്യും.
എയര്‍ കുഷന് വാഹനങ്ങള്‍ air cushion vehicles (ACVs) അഥവാ ഹോവര്‍ക്രാഫ്റ്റുകള്‍ കരയിലും ജലത്തിലും ചതുപ്പിലുമെല്ലാം ഒരുപോലെ സഞ്ചരിയ്ക്കാന്‍ കഴിയുന്ന വാഹനങ്ങളാണ്. ആഴം കുറഞ്ഞ വെള്ളക്കെട്ടുകളിലും മണല്‍ത്തിട്ടകളിലും മുതല്‍ ചതുപ്പുകള്‍ ചെളിനിലങ്ങള്‍ എന്നിവിടങ്ങളിലും ഇതിനു അതിവേഗതയില്‍ സഞ്ചരിയ്ക്കാനാകും. കരസേനയ്ക്കും കോസ്റ്റുഗാര്ഡിനുമാണ് ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നത്.
പ്രതിരോധമന്ത്രി നിര്മ്മലാസീതാരാമന് ചെയര്‍പേഴ്സണായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ഉപകരണങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. പ്രതിരോധ സഹമന്ത്രിമാരും, സേനാ തലവന്മാരും, പ്രതിരോധമന്ത്രാലയത്തിലെ മുതിര്‍ന്ന സെക്രട്ടറിമാരും ഈ കൗണ്‍സിലില്‍ അംഗങ്ങളാണ്. നാവികസേനയ്ക്കായി ആറു അത്യന്താധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള പ്രാഥമിക ചര്‍ച്ചകളും നടന്നതായാണ് സൂചന.
Discussion about this post