എറണാകുളം: വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജയ്‌ക്കെതിരായ കാഫിർ പ്രയോഗത്തിൽ പോലീസ് അന്വേഷണം നിലച്ചെന്ന് കാട്ടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിസ്ഥാനത്തുള്ള യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ കാസിമാണ് ഹർജി നൽകിയത്. കേസ് അന്വേഷണത്തിൽ കോടതി ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് ആയിരുന്നു ശൈലജയെ കാഫിറായി ചിത്രീകരിച്ചുകൊണ്ടുള്ള വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ദീനിയായ മുസ്ലീം ആണെന്നും വാട്‌സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. കാസിമിൻറെ പേരിലായിരുന്നു സന്ദേശം. ഇതേ തുടർന്ന് കാസിമിനെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാൽ തന്റെ കൃത്രിമമായി നിർമ്മിച്ച വാട്‌സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് പോലീസ് നടപടിയ്ക്ക് മുൻപ് തന്നെ കാസിം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്താതെയാണ് പോലീസ് തന്നെ പ്രതിയാക്കി കേസ് എടുത്തത് എന്നാണ് കാസിം ഹർജിയിൽ പറയുന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിൽ ആണ് വാട്‌സ് ആപ്പ് സന്ദേശം ആദ്യമായി കണ്ടത്. സത്യം പുറത്ത് വരാൻ അന്വേഷണം കാര്യക്ഷമമാക്കാൻ കോടതി ഇടപെടണം കാസിം ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം ഇടത് സ്ഥാനാർത്ഥിയ്‌ക്കെതിരായ പോസ്റ്റർ മുൻ എംഎൽഎ കെ.കെ ലതിക അടക്കമുള്ളവർ പങ്കുവച്ചിരുന്നു. ഇതിൽ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post