പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ കാണിച്ച് എംഎല്‍എക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പോലിസ്. എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ പരാതിയില്‍ ബിജെപി പ്രവര്ത്തകന് സൂരജ് ഇലന്തൂറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത് . പോസ്റ്റ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ പരാതി നല്‍കിയത്. സൂരജിനെ കേസെടുത്ത ശേഷം വിട്ടയച്ചു.
ബിജെപി ഇലന്തൂര്‍ എന്ന പേജിലായിരുന്നു പോസ്റ്റ്. കുണ്ടും കുഴിയുമായി വെള്ളം കെട്ടി നില്ക്കുന്ന പത്തനംതിട്ട ബസ്റ്റാന്‍ഡിന്റെ ചിത്രമായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്. പ്രിയപ്പെട്ട എം.എല്‍.എ ബ്യൂട്ടി പാര്‍ലറുകളും ഓര്‍ത്തോഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരമായിരുന്നു, മാഡത്തിനു സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ ആഡംബര വാഹനമുണ്ട്. അല്ലെങ്കില്‍ സഭ വക, അല്ലെങ്കില്‍ മുത്തൂറ്റ് വക വിദേശനിര്‍മ്മിത ലക്ഷ്വറി വാഹനങ്ങള്‍ ധാരാളമുണ്ടാകും . അറിയാതെ വോട്ടു ചെയ്തുപോയ പാവങ്ങള്‍ക്ക് വേറെ വഴിയില്ല എന്നിങ്ങനെ ആയിരുന്നു പോസ്റ്റിലെ വാചകം. എം.എല്‍.എ പരാതി നല്‍കിയതിനെ തുടര്‍ന്ന് സൂരജിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നീന്തല്‍ തടാകം പോലെയായ ബസ്റ്റാന്‍ഡില്‍ വള്ളമിറക്കി യുവമോര്‍ച്ച നേരത്തെ പ്രതിഷേധിച്ചിരുന്നു. അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകയായിരിക്കെ അന്ന് നടത്തിയ വിമര്‍ശനങ്ങളുടെ പഴയ വീഡിയൊ ഇടയ്ക്കൊക്കെ ഒന്ന് കാണണേ എന്നാണ് എംഎല്‍എയോടുള്ള ചിലരുടെ അഭ്യര്‍ത്ഥന. ആര്‍ക്കെതിരെയും എന്തു പറയാവുന്ന മാധ്യമപ്രവര്‍ത്തകയുടെ റോളില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പോലിസിനെ കൊണ്ടു പിടിപ്പിക്കുന്ന നിലയിലേക്കുള്ള മാറ്റത്തെ എന്ത് വിളിക്കുമെന്നും ചിലര്‍ ചോദിക്കുന്നു.
Discussion about this post