
കാസര്‍കോട്: കാസര്‍കോട് സ്വദേശി സബാദും കുടുംബവും യെമനിലേക്കു പോയത് മതപഠനത്തിനെന്ന മൊഴി വിശ്വാസത്തിലെടുത്ത് പോലിസ്. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന ആരോപണം ശരിയല്ലെന്ന നിഗമനത്തിലെത്തിയ പോലിസ് കേസ് എന്‍ഐഎയ്ക്ക് വിടേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന ആവശ്യം ശക്തമായിട്ടുണ്ട്.
സബാദും കുടുംബവും ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്ന ആരോപണം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ് ഉയര്‍ത്തിയത്. ഇതിനിടെ സബാദ് യെമനിലേക്ക് പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി സുഹൃത്ത് ഹാരീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണു സബാദ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. യെമനില്‍ പോയി മതപഠനം നടത്താനുള്ള താല്‍പര്യം അന്നു പ്രകടിപ്പിച്ചിരുന്നു. യെമനിലെത്തിയശേഷവും സുഹൃത്തുക്കളുമായി വാട്‌സാപ്പിലൂടെ സംസാരിക്കാറുണ്ട്.
സബാദും കുടുംബവും യെമനില്‍ എത്തിയെങ്കിലും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇവരുടെ കാര്യത്തില്‍ ആശങ്കയില്ല. എന്നാല്‍ മകനും, സുഹൃത്തുമടങ്ങുന്ന സംഘം ഐഎസില്‍ ചേര്‍ന്നു എന്ന പ്രചാരണത്തില്‍ വിഷമമുണ്ടെന്നു പിതാവ് പ്രതികരിക്കുന്നു.സബാദിന്റെ യെമനിലെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ പൊലീസിനു നല്‍കും. ഏതന്വേഷണവുമായും സഹകരിക്കാമെന്നും കുടുംബം വ്യക്തമാക്കുന്നു. പതിനൊന്നംഗ സംഘം യെമനിലെത്തിയതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
Discussion about this post