അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കാപ്പമാണ് കേരളത്തിന്റെ സാമൂഹ്യമനസ് എന്ന തിരിച്ചറിവിലാണ് നടിമാരെ പിന്തുണച്ച് സിപിഎം മന്ത്രിമാരും നേതാക്കളും രംഗത്തെത്തിയത് പിന്നിലെന്ന് വിലയിരുത്തല്‍. അതേ സമയം അമ്മയിലെ ഇടത് എംഎല്‍എമാരെ പുറത്താക്കണമെന്ന ആവശ്യത്തോട് തുടക്കം മുതലെ മൗനം പാലിക്കുകയും ചെയ്തു. ലഫ്റ്റനന്റെ് കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന് വരെ സിപിഎം നേതാക്കള്‍ ആവശ്യമുയര്‍ത്തി. വനിത കമ്മീഷനും മന്ത്രിമാരും മോഹന്‍ലാലിനെതിരെ രംഗത്തെത്തുകയും ചെയ്തു. അതേസമയം ഇടത് ജനപ്രതിനിധികളായ ഇന്നസെന്റ്, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരുടെ കാര്യത്തില്‍ അതവരുടെ വ്യക്തിപരമായ നിലപാട് എന്ന നിലയിലാണ് നേതാക്കള്‍ പ്രതികരിച്ചത്.
എന്നാല്‍ പ്രതിഷേധം കനത്തതോടെ സിപിഎം വെട്ടിലായി. ഇടത് അംഗങ്ങളെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെ
വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന സംശയത്തിലാണ് നേതൃത്വം.
കൊല്ലം എം.എല്‍.എ മുകേഷ്, പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍, ചാലക്കുടി എം.പി ഇന്നസെന്റ് എന്നിവര്‍ ഒന്നുകില്‍ അമ്മയില്‍ നിന്നും രാജിവെക്കുക, അല്ലെങ്കില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ഉയരുന്നത്.
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ഇടതുപക്ഷ ജനപ്രതിനിധികള്‍ ഉറച്ച നിലപാട് എടുക്കേണ്ടതായിരുന്നുവെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു. A.M.M.Aയോടുള്ള നിലപാട് വ്യക്തമാക്കി ഇടതുനേതാക്കള്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനു കീഴില്‍ നിരവധി പേരാണ് സമാനമായ ആവശ്യം ഉയര്‍ത്തി മുന്നോട്ടുവന്നിരിക്കുന്നത്.
അതേസമയം അമ്മയിലുള്ള ജനപ്രതിനിധികളുടെ കാര്യത്തില്‍ എല്‍.ഡി.എഫ് നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം നടനെ തിരിച്ചെടുക്കാന്‍ യോഗത്തില്‍ കളിച്ചത് ഇടത് എംഎല്‍എമാരാണ്, മോഹന്‍ലാല്‍ പോലും തിരക്കഥ വിജയിച്ചതിന് ശേഷമാണ് വിവരമറിഞ്ഞത് എന്ന ആരോപണവും ഉയരുന്നുണ്ട്. മോഹന്‍ലാലിനെ ഇരുട്ടത്തു നിര്‍ത്തി ചിലര്‍ കളിച്ച കളിയെന്നാണ് സംഭവത്തെ സംവിധായകന്‍ വിനയന്‍ വിലയിരുത്തിയത്. നടി ഊര്‍മ്മിള ഉണ്ണിയെ കൊണ്ട് വിഷയം അവതരിപ്പിച്ച് ഒരു മിനിറ്റിനുള്ളില്‍ പാസാക്കിയെടുത്ത തന്ത്രത്തിന് പിന്നില്‍ ആരെന്നത് ഇനിയുള്ള ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അതിനു മുമ്പ് നിലപാട് പരസ്യമാക്കുന്നതായിരിക്കും സിപിഎമ്മിന് നല്ലതെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മുമ്പ് അമ്മ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവിധേയനായ നടന് വേണ്ടി ഇടപെട്ടത് ഇടത് എംഎല്‍എമാരായ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. കുറ്റാരോപിതനുമായ അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളതെന്നതും പരസ്യമായ രഹസ്യമാണ്.
ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍, തോമസ് ഐസക്, കാനം രാജേന്ദ്രന്‍ കെ.കെ ഷൈലജ തുടങ്ങിയ ഇടതുപക്ഷ നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
Discussion about this post