ജലന്ധര്‍ ബിഷപ്പ് മാര്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി പീഡനത്തിന് പരാതി നല്കിയ വാര്‍ത്ത ഒറ്റക്കോളത്തിലൊതുക്കിയ മലയാള മനോരമയെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. മലയാള മനോരമ, നാലാം പേജില്‍ അധികമാരും ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത ഒറ്റ കോളം വാര്‍ത്ത പ്രസിദ്ധീകരിച്ച് പത്രധര്‍മം നിറവേറ്റി.വളരെ മിതത്വവും സംയമനവും അനിതര സാധാരണമായ ആത്മനിയന്ത്രണവും പാലിച്ചാണ് അച്ചായന് പീഡന വാര്‍ത്ത സത്യവിശ്വാസികളെ അറിയിച്ചിട്ടുളളത്. പതിവുളള ഉപമകളും ഉല്‍പ്രേക്ഷകളും പാടെ ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ് ജയശങ്കറിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അഭിവന്ദ്യ ജലന്ധര്‍ ബിഷപ്പ് മാര്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട്ടെ ഊരും പേരും വെളിപ്പെടുത്താത്ത ഒരു കന്യാസ്ത്രീ പരാതി നല്കി. കണ്ണില്‍ ചോരയില്ലാത്ത കോട്ടയം പോലീസ് മേധാവി ഉടന്‍ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും കേസെടുത്തു.
കര്‍ദ്ദിനാളിന്റെ ഭൂമി കച്ചവടം ആഗോള പ്രശ്നമാക്കി മാറ്റി തിരുസഭയെ നാറ്റിച്ച മാതൃഭൂമി പത്രം ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. കീറിയ ളോഹ തുന്നിക്കാന്‍ എന്ന വ്യാജേന പരിശുദ്ധ പിതാവ് കന്യാസ്ത്രീയെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു എന്നും പിന്നീട് പലതവണ അത് ആവര്‍ത്തിച്ചു എന്നുമൊക്കെ അടിച്ചുവിട്ടു.
എന്നാല്‍, മലയാള മനോരമ, നാലാം പേജില്‍ അധികമാരും ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത ഒറ്റ കോളം വാര്‍ത്ത പ്രസിദ്ധീകരിച്ച് പത്രധര്‍മം നിറവേറ്റി.
വളരെ മിതത്വവും സംയമനവും അനിതര സാധാരണമായ ആത്മനിയന്ത്രണവും പാലിച്ചാണ് അച്ചായന് പീഡന വാര്‍ത്ത സത്യവിശ്വാസികളെ അറിയിച്ചിട്ടുളളത്. പതിവുളള ഉപമകളും ഉല്‍പ്രേക്ഷകളും പാടെ ഉപേക്ഷിച്ചിരിക്കുന്നു.
അതിനു ശേഷം, കന്യാസ്ത്രീ കളളപ്പരാതി കൊടുക്കാന്‍ ഇടയാക്കിയ സാഹചര്യം ഇപ്രകാരം സംക്ഷേപിച്ചിരിക്കുന്നു:
‘കന്യാസ്ത്രീക്കെതിരെ സഭ അച്ചടക്ക നടപടി എടുക്കുകയും മദര്‍ സുപ്പീരിയര്‍ സ്ഥാനം എടുത്തുകളയുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കത്തില്‍ കന്യാസ്ത്രീയുടെ സഹോദരന് ബിഷപ്പിനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് ബിഷപ്പ് കഴിഞ്ഞയാഴ്ച കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്’.
രാഷ്ട്രം ഉണ്ണൂണ്ണിച്ചായന്‍ പത്മവിഭൂഷണവും മാത്തുക്കുട്ടിച്ചായന് പത്മഭൂഷണവും കൊടുത്താദരിച്ചത് ചുമ്മാതല്ല. മാമച്ചായന് തീര്‍ച്ചയായും ഭാരതരത്നത്തിന് അര്‍ഹനാണ്.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1568311529965234/?type=3&theater
Discussion about this post