കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 ല്‍ 12 പേരും വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. കൊല നടത്തിയ ആള്‍ ഉള്‍പ്പടെ ഉള്ള സംഘം വിദേശത്തേക്ക് കടന്നതായാണ് പോലിസ് പറയുന്നത്. ഇതോടെ കടുത്ത നടപടി എടുക്കുമെന്ന പോലിസിന്റെയും സര്‍ക്കാരിന്റേയും നിലപാട് പൊളിഞ്ഞു.
സിപിഎമ്മും, പോലിസും എസ്ഡിപിഐയെ തൊടാന്‍ പേടിക്കുകയാണെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു. പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അണികള്‍ നിരാശയിലാണ്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ പരസ്യ പ്രക്ഷോഭത്തിനിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൗനം പാലിക്കുകയാണ് ഇവര്‍.
കേസില്‍ യുഎപിഎ ചുമത്തേണ്ടതില്ലെന്ന് സിപിഎം നിലപാട് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതികളെ പിടികൂടാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ മുന്‍ നിലപാടില്‍ സിപിഎം അയവുവരുത്തിയതായാണ് സൂചന. ്ര്രപതികളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചതായി വ്യക്തമായാല്‍ ഈ കുറ്റം ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും.
ഇതിനിടെ പ്രതികളെ പിടികൂടാത്ത പോലിസിനെ വിമര്‍ശിച്ച് സൈമണ്‍ ബ്രിട്ടോ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വികാരമാണ് സൈമണ്‍ ബ്രിട്ടോ തുറന്നു പറഞ്ഞതെന്നാണ് വിലയിരുത്തല്‍. പ്രതികളെ പിടികൂടിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് അഭിമന്യുവിന്റെ കുടുംബവും നല്‍കി. ഇതെല്ലാം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി.
പ്രതികള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാന്‍ പോലിസ് അവസരം ഒരുക്കി എന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉയരുന്നത്. വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടിസ് എത്തിക്കാന്‍ അഞ്ച് ദിവസം വൈകിയെന്നാണ് പോലിസിനെതിരെ ഉയരുന്ന പരാതി. എസ്ഡിപിഐയോട് സിപിഎം നേതൃത്വത്തിലെ പലര്‍ക്കും അനുഭാവ സമീപനമാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ എസ്ഡിപിഐയെ നേരിട്ട് പേര് പറഞ്ഞ് വിമര്‍ശിക്കാന്‍ പോലും പ്രമുഖ നേതാക്കളില്‍ പലരും തയ്യാറാവാത്തത് പാര്‍ട്ടിയില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നിരുന്നു.
പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം എഐഎസ്എഫും അഭിമന്യു കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്ത പോലിസിനെതിരെ പരസ്യമായി രംഗത്തെത്തി. കെഎസ്യു സമരരംഗത്ത് എത്തിയതും എസ്എഫ്‌ഐയെ വെട്ടിലാക്കി.
ഇതിനിടെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനുളള നീക്കവും നടക്കുന്നുണ്ട്.കേരളത്തിലെ എസ്ഡിപിഐക്കാര്‍ പ്രതികളായ കേസുകളില്‍ മിക്കതിലും തീവ്രവാദ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഭിമന്യു കൊലപാതകവും, ഒപ്പം മൂന്ന് എബിവിപി പ്രവര്‍ത്തകരെ ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ കേസും എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ബിജെപി ഉള്‍പ്പടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പോലും ആവാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനും ഈ ആവശ്യത്തിന് വഴങ്ങേണ്ടി വരും.
Discussion about this post