നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാദം ഡല്‍ഹി ഹൈക്കോടതി തള്ളി. തനിക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിക്രമങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്നായിരുന്നു രാഹുലിന്റെ വാദം. ജസ്റ്റിസ് ആര്.രവീന്ദ് ഭട്ടും ജസ്റ്റിസ് എ.കെ.ചൗളയുമടങ്ങുന്ന ബെഞ്ചാണ് വാദം തള്ളിയത്. ഇതിന് മുമ്പ് കേസിനെപ്പറ്റിയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന രാഹുലിന്റെ വാദവും കോടതി തള്ളിയിരുന്നു.
2010 നവംബറില്‍ 50 ലക്ഷം രൂപയുടെ മൂലധനത്തില്‍ ആരംഭിച്ച യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ചെറിയ വിലയ്ക്ക് നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും യങ് ഇന്ത്യയിലെ പ്രധാന ഓഹരി ഉടമകളാണ്. നാഷണല്‍ ഹെറാള്‍ഡ് ഉടമകളായ അസോസിയേറ്റ് ജേണലിന്റെ ഭൂരിഭാഗം ഓഹരികളും വെറും 50 ലക്ഷം രൂപ മുടക്കി വാങ്ങിയെന്നാണ് ആരോപണം. ഓഹരികളുടെ വില ഏതാണ്ട് 90.25 കോടി രൂപയാണെന്നും പറയപ്പെടുന്നു. ബാക്കി തുകയ്ക്ക് കോണ്‍ഗ്രസ് പലിശരഹിത വായ്പ അനുവദിച്ചുവെന്നും ആരോപിക്കുന്നു. ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമിയാണ് രാഹുലിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
യങ് ഇന്ത്യയിലെ ഒരു ഡയറക്ടറാണ് താന്‍ എന്ന വിവരം രാഹുല്‍ ഗാന്ധി മറച്ച് വെച്ചു എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ കൂടാതെ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മോട്ടിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന് ദുബേയ്, സാം പിത്രോദ തുടങ്ങിയവരും ഈ കേസിലെ പ്രതികളാണ്.
കേസിലെ വാദം ഓഗ്സ്റ്റ് 14ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
Discussion about this post