ചെന്നൈ: എം. കരുണാനിധിയുടെ വിയോഗത്തോടെ ഡി.എം.കെയില്‍ അനന്തരവകാശിയെ ചൊല്ലി തര്‍ക്കം തുടങ്ങി. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാര വടംവലി തുടങ്ങിയത്. പിതാവിന്റെ മരണത്തിന് പിന്നാലെ സ്റ്റാലിനെതിരെ പ്രസ്താവനയുമായി അഴഗിരി രംഗത്തെത്തി.മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിച്ച സ്ഥലത്ത് എത്തിയ ശേഷമായിരുന്നു അഴഗിരി മാധ്യമങ്ങളെ കണ്ടത്. താനാണ് ഡിഎംകെയില്‍ കരുണാനിധിക്ക് പിന്‍ഗാമിയെന്ന് സൂചന നല്‍കുന്നതായിരുന്നു അഴഗിരിയുടെ പ്രസ്താവന.
‘യഥാര്‍ഥ അണികളെല്ലാം എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നല്‍കും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ദു:ഖമുണ്ട്’- അഴഗിരി മാദ്ധ്യമങ്ങളോടു പറഞ്ഞു. ‘ഡി.എം.കെയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് സ്റ്റാലിന്‍, എന്നാല്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്നില്ല’ – അഴഗിരി പറയുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 2014ല്‍ അഴഗിരിയെ കരുണാനിധി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് കരുണാനിധിയുടെ മരണത്തിന് രണ്ടാഴ്ച മുമ്പ് അഴഗിരി പ്രസ്താവിച്ചിരുന്നു.
അതേസമയം, ഡി.എം.കെ പ്രസിഡന്റായുള്ള സ്റ്റാലിന്റെ സ്ഥാനാരോഹണം ഉടന്‍തന്നെയുണ്ടാകുമെന്നാണ് സൂചന. 14ന് ചേരുന്ന പാര്‍ട്ടി നിര്‍വാഹക യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. സഹോദരി കനിമൊഴിയുടെ നിലപാടുകളും വിഷയത്തില്‍ നിര്‍ണായകമാകും. കനിമൊഴി ഇതുവരെ സ്റ്റാലിനൊപ്പമാണ് നിന്നിരുന്നത്. പുതിയ സാഹചര്യത്തില്‍ കനിമൊഴി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.
Discussion about this post