കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാവിക സേന തുടങ്ങിയ ‘ഓപ്പറേഷന്‍ മദദ്’ ഇന്നും സുശക്തമായി പ്രവര്‍ത്തിക്കുന്നു. ജെമിനി ബോട്ടുകളിലായി എറണാകുളത്ത് മാത്രം 48 രക്ഷാ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ വൈകീട്ട് വരെ 14,797 പേരെ ബോട്ടുകളില്‍ നേവി രക്ഷപ്പെടുത്തിയിട്ടുണ്ട്. 609 പേരെയാണ് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയത്. ഇത് കൂടാതെ 8,000 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും മരുന്നും ദുരിതബാധിതര്‍ക്ക് ‘ഓപ്പറേഷന്‍ മദദ്’ വഴി എത്തിച്ചിട്ടുണ്ട്.
എറണാകുളം കൂടാതെ ചെങ്ങന്നൂര്‍, തിരുവല്ല, ആയൂര്‍, പുല്ലാട് എന്നിവിടങ്ങളിലും നാവിക സേന ബോട്ടുകളോട് കൂടിയ സംഘങ്ങളെ അയച്ചിട്ടുണ്ട്. വയനാട്ടിലെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സംഘങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഒരു സംഘത്തെ കണ്ണൂരിലേക്കും 19 വിഭാഗത്തെ ആലപ്പുഴയ്ക്കും അയച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 3575 പേരെ ബോട്ടുകളില്‍ രക്ഷിച്ചു.
ഐ.എന്‍.എസ് ഗരുഡയുപയോഗിച്ച് ആളുകളെ രക്ഷിക്കുകയും മരുന്നും ഭക്ഷണവും ആകാശമാര്‍ഗം എത്തിക്കുകയും ചെയ്തു. എ.എല്‍.എച്ച്, സീ കിങ്, ചേതക്, വ്യോമസേനയുടെ എംഐ 17 എന്നിവ വഴി ഞായറാഴ്ച മാത്രം 59 പേരെ രക്ഷിച്ചു. ഭക്ഷണപ്പൊതികളുടെയും, കുടിവെള്ളത്തിന്റെയും, മരുന്നുകളുടെയും ഒരു ലക്ഷം പൊതികളാണ് വിതരണം ചെയ്തത്.
അതേസമയം ദക്ഷിണ നാവിക ആസ്ഥാനത്ത് 250 പേര്‍ക്ക് രക്ഷാ ക്യാമ്പ് നടത്തുന്നുണ്ട്. ആസ്ഥാനത്തെ കിന്റര്‍ഗര്‍ട്ടണ്‍ സ്‌കൂള്‍ ക്യാമ്പാക്കി മാറ്റി, അവിടെ 170 പേരുണ്ട്. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളും ക്യാമ്പുകളാണ്.
Discussion about this post