എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഓരോന്നായി നേരിടാന്‍ തയ്യാറായി കേന്ദ്ര മാനവശേഷി വിഭവ വകുപ്പ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തില്‍ കൈകടത്തുന്നുവെന്നും വിദ്യാഭ്യാസത്തിനായി ബജറ്റിലെ നീക്കിയിരുപ്പ് കുറഞ്ഞുവെന്നുമുള്ള ആരോപണങ്ങളടക്കം നേരിടാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
വന്‍കിട പദ്ധതികള്‍ നടത്തിപ്പിന്റെ ആദ്യ ഘട്ടത്തില്‍ മാത്രമേ എത്തിയിട്ടുള്ളൂ. അതിനാല്‍ ബജറ്റ് നീക്കിയിരുപ്പ് വിഹിതം ഇവയെ സാരമായി ബാധിക്കില്ല എന്നാണ് മന്ത്രായത്തിന്റെ വിശദീകരണം. 14ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം വിഭവങ്ങള്‍ക്കു മേലുളള അധികാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ സാഹചര്യത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഒരു വര്‍ഷം രാജ്യം കഷ്ടതയില്‍ എന്ന പേരില്‍ കോണ്‍ഗ്രസ് 42 പേജുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് അതത് മന്ത്രാലയങ്ങള്‍ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മാനവവിഭവശേഷി വകുപ്പിന്റെ പ്രതികരണം.
ഡല്‍ഹി ഐഐടി ഡയറക്ടറും ബോംബെ ഐഐടി ചെയര്‍പേഴ്സണും രാജി വച്ചത് മന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലമല്ലെന്നും അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ലെന്നും മന്ത്രാലയം അറിയിക്കും. ചരിത്ര ഗവേഷണ വിഭാഗത്തിലെ നിയമനങ്ങള്‍ രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നില്ല എന്നത് നിയമിതരായവരുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കി മന്ത്രാലയം വിശദീകരിക്കും.
ക്രിസ്തുമസ് ദിനം നല്ല ഭരണ നിര്‍വ്വഹണ ദിനമായി ആചരിക്കാനുള്ള തീരുമാനത്തെയും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി വാജ്പേയുടെ ജന്മദിനമായതിനാലാണ് ഡിസംബര്‍ 25 നല്ല ഭരണനിര്‍വ്വഹണ ദിനമായി തെരഞ്ഞെടുത്തതെന്ന് മന്ത്രാലയം അറിയിക്കും. സസ്യഭൂക്കുകളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കാന്റീന് ഐഐടിയില്‍ തുറക്കാന്‍ ഉദ്ദശിച്ചിട്ടില്ല എന്നും ആരോപണങ്ങള്‍ക്കുള്ള മറുപടിയില്‍ മന്ത്രാലയം അറിയിക്കും എന്നാണ് വിവരം.
Discussion about this post